സ്കൂൾ കുട്ടികൾക്കിടയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇന്തോനേഷ്യൻ സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടികളുടെ ബുദ്ധിപരമായ വളർച്ചയെയും സ്വഭാവരൂപീകരണത്തെയും എഐ ദോഷകരമായി ബാധിക്കാതിരിക്കാനാണ് ഈ നീക്കം. അതേസമയം, പ്രൈമറി, സെക്കൻഡറി തലങ്ങളിലെ കുട്ടികൾ ഗൃഹപാഠങ്ങൾക്കോ, ചോദ്യങ്ങൾക്കോ ഉത്തരം കണ്ടെത്താൻ നേരിട്ട് എഐ ആപ്പുകൾ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ചോദ്യം നൽകിയാൽ ഉടൻ ഉത്തരം നൽകുന്ന രീതി കുട്ടികളുടെ ചിന്താശേഷിയെ കുറയ്ക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
ഇന്തോനേഷ്യൻ കുട്ടികൾ പ്രതിദിനം ശരാശരി 7.5 മണിക്കൂർ സ്ക്രീനുകൾക്കു മുന്നിൽ ചെലവഴിക്കുന്നു എന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നതിനു പിന്നാലെയാണ് സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. 7.5 മണിക്കൂർ എന്ന ഉയർന്ന സമയം കുറയ്ക്കുന്നതിനായി സ്കൂളുകളിലും വീടുകളിലും ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗത്തിന് കൃത്യമായ സമയക്രമം കൊണ്ടുവരാനാണ് സർക്കാരിന്റെ നീക്കം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പൂർണ്ണമായും നിരോധിക്കുന്നതിനു പകരം, അത് വിദ്യാഭ്യാസപരമായി എങ്ങനെ ഗുണകരമായി ഉപയോഗിക്കാം എന്ന് പഠിപ്പിക്കാൻ സ്കൂളുകൾക്ക് നിർദേശം നൽകി. സ്കൂളുകളിൽ മാത്രമല്ല, ട്യൂഷൻ സെന്ററുകളിലും മറ്റ് വിനോദകേന്ദ്രങ്ങളിലും ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കും.
2025 ൽ ഇന്തോനേഷ്യയിലെ ആകെ ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണം ഏകദേശം 23 കോടി കടന്നു. ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ പകുതിയോളം പേരും 28 വയസ്സിൽ താഴെയുള്ളവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്കിടയിലും ഇന്റർനെറ്റ് ഉപയോഗം അതിവേഗം വർധിച്ചുവരികയാണ്. ഏകദേശം 48% കുട്ടികൾ 12 വയസ്സിനു മുൻപേ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്.

