Saturday, November 23, 2024

റഷ്യന്‍ സൈന്യത്തിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് ഏപ്രിലില്‍ നിര്‍ത്തിയെന്ന് റഷ്യന്‍ എംബസി

സൈനിക സേവനത്തിനായി ഇന്ത്യന്‍ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നതിന് പ്രചാരണങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് റഷ്യ. റഷ്യയിലെ യുദ്ധഭൂമിയില്‍ ഇന്ത്യക്കാര്‍ മരിക്കാനിടയായതില്‍ ഇന്ത്യയിലെ സര്‍ക്കാരിനോടും മരിച്ചവരുടെ കുടുംബങ്ങളോടും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നെന്ന് റഷ്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു.

റഷ്യന്‍ സേനയോയൊപ്പം യുദ്ധമേഖലയില്‍ സേവനമനുഷ്ഠിക്കുന്നതിനിടെ എട്ട് ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ‘റഷ്യയില്‍ സൈനിക സേവനത്തിനായി കരാറിലൊപ്പിട്ട ഇന്ത്യന്‍ പൗരന്മാരെ നേരത്തെ തിരിച്ചറിയുന്നതിനും ഡിസ്ചാര്‍ജ് ചെയ്യുന്നതിനുമായി ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട ഏജന്‍സികള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നു. എല്ലാ കരാര്‍ ബാധ്യതകളും അര്‍ഹമായ നഷ്ടപരിഹാര പേയ്‌മെന്റുകളും പൂര്‍ണ്ണമായി നിറവേറ്റും’. റഷ്യന്‍ എംബസി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ മാസം മുതല്‍, റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഇന്ത്യയുള്‍പ്പെടെ നിരവധി വിദേശ രാജ്യങ്ങളിലെ പൗരന്മാരെ റഷ്യന്‍ സായുധ സേനയില്‍ സൈനിക സേവനത്തിലേക്ക് പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് എംബസി പറഞ്ഞു. റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത 69 ഇന്ത്യന്‍ പൗരന്മാരുടെ മോചനത്തിനായി കേന്ദ്രം കാത്തിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വെള്ളിയാഴ്ച ലോക്സഭയില്‍ പറഞ്ഞിരുന്നു. പലരെയും തെറ്റിദ്ധരിപ്പിച്ചാണ് റഷ്യന്‍ സൈന്യത്തില്‍ ചേര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News