Tuesday, November 26, 2024

നൃത്തം ചെയ്യുന്ന വീഡിയോ: ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് തെളിഞ്ഞു

ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മാരിന് ഇനി ആശ്വസിക്കാം. പ്രധാനമന്ത്രി മയക്കുമരുന്ന്
ഉപയോഗിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കുന്ന പരിശോധനാഫലം പുറത്തുവന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.

കൊക്കെയ്ന്‍, കഞ്ചാവ്, കറുപ്പ് തുടങ്ങി എട്ടോളം ലഹരിമരുന്നുകളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനുള്ള മൂത്രപരിശോധനയാണ് നടത്തിയതെന്നും കുറിപ്പ് വ്യക്തമാക്കി. ഓഗസ്ത് 19നായിരുന്നു പരിശോധന, ഇതിന്റെ ഫലം ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു.

പാര്‍ട്ടിയില്‍ നൃത്തം ചെയ്ത് ആനന്ദിക്കുന്ന ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. എന്നാല്‍ രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തിരിക്കുന്ന ഒരാള്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു. പ്രധാനമന്ത്രി പങ്കെടുത്ത സ്വകാര്യ പാര്‍ട്ടി രാഷ്ട്രീയ വിവാദമായി കത്തിനില്‍ക്കുന്നതിനിടെയാണ് സന്ന മാരിന്‍ മരുന്ന് പരിശോധനയ്ക്ക് വിധേയമായത്.

ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിമാരില്‍ ഒരാള്‍ എന്ന നിലയ്ക്ക് ശ്രദ്ധേയയാണ് സന മാരിന്‍. 2019ല്‍ സന മാരിന്‍ ഫിന്‍ലന്‍ഡിന്റെ അധികാരം ഏറ്റെടുത്തത് വലിയ വാര്‍ത്തയായിരുന്നു. പാര്‍ട്ടിക്കും സ്വകാര്യചടങ്ങുകള്‍ക്കുമായി പ്രധാനമന്ത്രി ഏറെ നേരം ചെലവഴിക്കുന്നുവെന്ന ആരോപണം ഇവര്‍ക്കെതിരെ നേരത്തേയും ഉയര്‍ന്നിരുന്നു.

Latest News