Monday, November 25, 2024

‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരത്’ എന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരത്’ എന്നാക്കിമാറ്റുന്ന നടപടികള്‍ തുടര്‍ന്ന് കേന്ദ്രം. 20-ാമത് ആസിയാന്‍ – ഇന്ത്യ ഉച്ചകോടിക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള കുറിപ്പിലും ഇന്ത്യ എന്നതിനുപകരം ഭാരത് എന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം രാഷ്ട്രപതിഭവനില്‍ നിന്നുള്ള ഒരു ക്ഷണസന്ദേശത്തില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്നെഴുതിയത് വിവാദമായതിനുപിന്നാലെയാണ് സമാനമായ നീക്കം.

‘ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കി പകരം ഭാരത് എന്ന് ഉപയോഗിക്കാന്‍ ആലോചന’ എന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ജി-20 ഉച്ചകോടിയുടെ ഭാഗമായുള്ള അത്താഴവിരുന്നിലാണ് പ്രസിഡന്റ് ഓഫ് ഇന്ത്യ ഒഴിവാക്കി പ്രസിഡന്റ് ഓഫ് ഭാരത് എന്നാക്കിയത്. ഇത് രാജ്യത്തിന്റെ പേര് മാറ്റാനുള്ള കേന്ദ്രനീക്കമാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്‍ഡോനേഷ്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കുറിപ്പിലും ഭാരത് പ്രയോഗം. പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്നാണ് ഇതില്‍ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

അതേസമയം, ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നാക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കാനാണ് കോണ്‍ഗ്രസ്സ് തീരുമാനം. പ്രതിപക്ഷ ഐക്യത്തിന്റെയും ഇന്‍ഡ്യ എന്ന നാമം സ്വീകരിച്ചതിന്റെയും ഭാഗമായുള്ള നാടകീയനീക്കമാണ് ‘ഭാരത് പ്രയോഗം’ എന്ന് കോണ്‍ഗ്രസ്സ് നേതാവ് ജയറാം രമേശ് ആരോപിച്ചു. എന്നാല്‍ അടിമത്തത്തിന്റെ ചിന്താഗതിയില്‍നിന്ന് പൂർണ്ണമായും പുറത്തുകടക്കാനാണ് ‘ഇന്ത്യ’ എന്ന വാക്ക് ഒഴിവാക്കുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. നേരത്തെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും ‘ഇന്ത്യ’ എന്ന പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Latest News