ഇരുചക്രവാഹന യാത്രക്കാര്‍ക്കായുള്ള മുന്നറിയിപ്പ് പങ്കുവെച്ചിരിക്കുകയാണ് കേരള മോട്ടോര്‍ വാഹന വകുപ്പ്. ഗുഡ്സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ട വസ്തുക്കളും ഭാരമുള്ള വസ്തുക്കളും ഇരുചക്ര വാഹനങ്ങളില്‍ കൊണ്ടുപോകരുത് എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശിക്കുന്നത്. ചെറിയ സാമ്പത്തിക ലാഭത്തിനായി ഗുഡ്സ് വാഹനങ്ങളില്‍ കൊണ്ടു പോകേണ്ട വസ്തുക്കള്‍ മോട്ടോര്‍ സൈക്കിളില്‍ കയറ്റുന്നത് നിയവിരുദ്ധമാണ് എന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിക്കുന്നു. സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ സമൂഹമാദ്ധ്യമ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് രണ്ടു പേര്‍ക്ക് യാത്ര ചെയ്യുന്നതിനായി രൂപ കല്പന ചെയ്തിട്ടുള്ള വാഹനമാണ് മോട്ടോര്‍ സൈക്കിള്‍. ബോഡിയുടെ ബാലന്‍സിങ് മോട്ടോര്‍ സൈക്കിള്‍ ഓടിക്കുമ്പോള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ഘടകമാണ്. മോട്ടോര്‍ സൈക്കിളില്‍ കയറ്റുന്ന വസ്തുക്കള്‍ സുരക്ഷിതമായ റൈഡിങ്ങിനെ പ്രതികൂലമായി ബാധിക്കുന്നു. പ്രത്യേകിച്ചും വശങ്ങളിലേക്ക് തള്ളി നില്ക്കുന്നവ.
ചെറിയ സാമ്പത്തിക ലാഭത്തിനായി ഗുഡ്സ് വാഹനങ്ങളില്‍ കൊണ്ടു പോകേണ്ടുന്ന വസ്തുക്കള്‍ ഇത്തരത്തില്‍ മോട്ടോര്‍ സൈക്കിളില്‍ കയറ്റുന്നത് നിയവിരുദ്ധമാണ്. ഇത് വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന് അപകടത്തിലാക്കാന്‍ തക്ക സാധ്യതയുള്ളതാണ്. നിയമവിധേയമായി,സുരക്ഷിതമായി വാഹനങ്ങള്‍ ഉപയോഗിക്കൂ…..സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തിചേരൂ. നമ്മുടെ ജീവന് പോലെതന്നെ അമൂല്യമാണ് മറ്റുള്ളവരുടെയും ജീവന്.