Tuesday, November 26, 2024

ഡ്രൈവര്‍ മദ്യപിച്ചിരുന്നു എന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് നല്‍കാതിരിക്കാനാവില്ല: ഹൈക്കോടതി

വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ മദ്യം കഴിച്ചിരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി അപകടത്തിനിരയാകുന്നയാള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കാതിരിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. പോളിസി സര്‍ട്ടിഫിക്കറ്റിലെ വ്യവസ്ഥകള്‍ പ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നത് നിയമ ലംഘനമാണ്. എന്നിരുന്നാലും അപകടത്തിന് ഇരയാകുന്നയാള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനി ബാധ്യസ്ഥരാണ് എന്ന് കോടതി വ്യക്തമാക്കി.

2013ല്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ നിലമ്പൂര്‍ നടുവക്കാട് മുഹമ്മദ് റാഷിദ് എന്ന വ്യക്തിക്ക് കാറപകടത്തില്‍ പരുക്കേറ്റിരുന്നു. ഗിരിവാസന്‍ എന്നയാള്‍ ഓടിച്ച കാറിടിച്ചാണ് റാഷിദിന് ഗുരുതരമായി പരിക്കേറ്റത്. ഒരാഴ്ച്ച ആശുപത്രിയില്‍ ചികിത്സയിലും തുടര്‍ന്ന് ആറ് മാസം വീട്ടില്‍ വിശ്രമത്തിലും റാഷിദ് കഴിഞ്ഞു. 12,000 രൂപ മാസവരുമാനമുള്ള ഡ്രൈവറായ റാഷിദ് നാല് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മഞ്ചേരി മോട്ടോര്‍ ആക്സിഡന്റ്‌സ് ക്ലെയിം ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും 2.4 ലക്ഷം രൂപയാണ് അനുവദിച്ചത്.

ട്രൈബ്യൂണല്‍ നല്‍കിയ നഷ്ടപരിഹാരത്തുക കുറഞ്ഞു പോയതായി ചൂണ്ടിക്കാട്ടി മുഹമ്മദ് റാഷിദ് നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ഇപ്പോള്‍ ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്. തുടര്‍ന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ട നഷ്ടപരിഹാരത്തുകക്ക് പുറമെ 39000 രൂപ കൂടി ഹര്‍ജിക്കാരന് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഈ തുക വര്‍ഷംതോറും ഏഴു ശതമാനം പലിശ നിരക്കില്‍ ഹര്‍ജിക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍ രണ്ടു മാസത്തിനകം നിക്ഷേപിക്കാനാണ് ഉത്തരവ്.

അപകടത്തിനിടയാക്കിയ കാര്‍ ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെങ്കിലും ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം. വാഹന ഉടമയോ ഡ്രൈവറോ ഈ വാദത്തെ എതിര്‍ത്തില്ലെന്നും കമ്പനി വ്യക്തമാക്കി. എന്നാല്‍ നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ കമ്പനിക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് കോടതി ഉത്തരവിട്ടു. ഈ തുക ഡ്രൈവര്‍, വാഹന ഉടമ എന്നിവരില്‍നിന്ന് ഈടാക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

 

Latest News