Tuesday, November 26, 2024

ഒളിമ്പിക്സില്‍ ക്രിക്കറ്റും മത്സരയിനമാകുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി

ലോകത്തിലെ മുൻനിര കായിക മത്സരമായ ഒളിമ്പിക്സില്‍ മത്സരയിനമായി ക്രിക്കറ്റ് മടങ്ങി എത്തുന്നു. 2028ല്‍ നടക്കുന്ന ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലാണ് ക്രിക്കറ്റ് ഒരു മത്സരയിനമായി മടങ്ങിയെത്തുന്നത്. ഇക്കാര്യം സംബന്ധിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും 2028ലെ ഗെയിംസ് സംഘാടക സമിതിയും തമ്മില്‍ ധാരണയായി.

ഒളിമ്പിക്‌സ് ചരിത്രത്തില്‍ 1900ത്തിലെ പാരീസ് ഗെയിംസില്‍ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള ക്രിക്കറ്റ് 128 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും മടങ്ങിയെത്താന്‍ ഒരുങ്ങുന്നത്. 2024 പാരീസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തണമെന്ന് നേരത്തേ നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ക്രിക്കറ്റിനെ ഒളിമ്പിക്‌സ് ഇനമാക്കുന്നതുമായി ബന്ധപ്പെട്ട് 2018ല്‍ സര്‍വേ നടത്തിയിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 87 ശതമാനം പേര്‍ തീരുമാനത്തെ പിന്തുണച്ചെങ്കിലും ബിസിസിഐ വിയോജിപ്പ് അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് 2028ല്‍ ക്രിക്കറ്റിനെയും ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായത്.

ട്വന്റി 20 ഫോര്‍മാറ്റില്‍ നടക്കുന്ന ഒളിമ്പിക്‌സ് ക്രിക്കറ്റ് മത്സരങ്ങളില്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് പങ്കെടുക്കാം. ക്രിക്കറ്റിനെ കൂടാതെ സോഫ്റ്റ്‌ബോള്‍, ബേസ്‌ബോള്‍, ഫ്‌ളാഗ് ഫുട്‌ബോള്‍ എന്നീ കായികയിനങ്ങളും ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായിട്ടുണ്ട്. ഒക്ടോബര്‍ 15, 16 തീയതികളില്‍ മുംബൈയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി സമ്മേളനത്തില്‍ ഔപചാരികമായ പ്രഖ്യാപനമുണ്ടായേക്കും.

 

Latest News