വ്യാജരേഖ ഉപയോഗിച്ചുള്ള വിസ തട്ടിപ്പിൽ പങ്കില്ലെന്ന് കണ്ടെത്തുന്ന ഇന്ത്യക്കാരുള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികളെ പുറത്താക്കില്ലെന്ന് കാനഡ. ഇമിഗ്രേഷൻ മന്ത്രി സിയാൻ ഫ്രേസർ ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇമിഗ്രേഷൻ അഭയാർത്ഥി സംരക്ഷണനിയമം നൽകുന്ന വിവേചനാധികാരം ഇതിനായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ നീക്കം.
“വ്യാജ പ്രവേശനരേഖ ഉപയോഗിച്ചുള്ള തട്ടിപ്പിൽ പങ്കില്ലെന്നു കണ്ടെത്തുന്ന വിദ്യാര്‍ത്ഥികളെ രാജ്യത്തു നിന്ന് നാടുകടത്തില്ല. തട്ടിപ്പില്‍ ഇരയാക്കപ്പെട്ട വിദ്യാര്‍ത്ഥികളെ സംരക്ഷിക്കും. എന്നാല്‍ തട്ടിപ്പിൽ പങ്കാളികളായവരെ നിയമനടപടികൾക്കു വിധേയമാക്കും” – ഫ്രേസർ പറഞ്ഞു. ഏജന്‍റുമാരുടെ തട്ടിപ്പിനിരയായി കാനഡയിലെത്തിയ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ‘താൽക്കാലിക താമസാനുമതി’ നൽകാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. ഇതിനായി ഇമിഗ്രേഷൻ അഭയാർത്ഥി സംരക്ഷണ നിയമത്തിന്റെ വിവേചനാധികാരം ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ നിന്നുള്‍പ്പടെയുള്ള 700-ലധികം വിദ്യാര്‍ത്ഥികളാണ് നാടുകടത്തല്‍ ഭീഷണി നേരിട്ടിരുന്നത്. ഇതില്‍ ഭൂരിഭാഗവും പഞ്ചാബിൽ നിന്നുള്ളവരായിരുന്നു. പഠനം പൂര്‍ത്തിയാക്കി സ്ഥിരതാമസത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക്, തങ്ങൾ തട്ടിപ്പിനിരയായി എന്ന് ബോധ്യമായത്. കനേഡിയൻ പാർലമെന്റിലും വിഷയം ചർച്ചയായതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവാര്‍ത്ത എത്തുന്നത്.