ഇന്ന് മാര്‍ച്ച് എട്ട്. ലോക വനിതാ ദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളോടുള്ള ആദരവും ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കുന്നതിനും വേണ്ടിയാണ് ദിനം ആചരിക്കുന്നത്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് ഈ ദിനം ലോകമെമ്പാടുമുള്ളവര്‍ ആചരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും തടയാനും സ്ത്രീകള്‍ക്ക് തുല്യാവകാശം നേടാനുമാണ് ഈ ദിവസം കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അന്താരാഷ്ട്ര വനിതാ ദിനം എല്ലാ വര്‍ഷവും വ്യത്യസ്ത ഒരു പ്രമേയത്തിലാണ് ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ വനിതാ ദിനാ പ്രമേയം ‘ഡിജിറ്റ് ആള്: ഇന്നൊവേഷന് ആന്‍ഡ് ടെക്നോളജി ഫോര്‍ ജെന്‍ഡര്‍ ഇക്വാലിറ്റി” എന്നതാണ്. തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടിയ എല്ലാ സ്ത്രീകളെയുടെയും ഓര്മ പുതുക്കാനുള്ള ദിനം കൂടിയാണിത്.
20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്ന യു.എസ് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുമായും, തൊഴിലാളി പ്രസ്ഥാനങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകള്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കും വോട്ടവകാശത്തിനും വേണ്ടി പോരാടിയിരുന്ന കാലമായിരുന്നു അത്.
1909 ഫെബ്രുവരി 28-ന് ന്യൂയോര്‍ക്ക് നഗരത്തിലാണ് ഈ ദിനം ആദ്യമായി ആചരിച്ചത്. എന്നാല്‍ 1975ല്‍ ഐക്യരാഷ്ട്രസഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി അംഗീകരിച്ചതോടെയാണ് വനിതാദിനം ശ്രദ്ധിക്കപ്പെടുന്നത്. 1977 മുതല്‍ എല്ലാ വര്‍ഷവും മാര്‍ച്ച് 8-ന് വനിതാ ദിനം വിപുലമായി ആഘോഷിക്കാന്‍ തുടങ്ങി.
അതിനു ശേഷം ഇത്തരമൊരു ദിനാചാരണത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും കൂടുതല്‍ വര്‍ദ്ധിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ മുതല്‍ ജോലിസ്ഥലത്തെ തുല്യത വരെയുള്ള വിഷയങ്ങള്‍ ഇന്ന് ചര്‍ച്ചയാകുന്നു.
ഉയരങ്ങളില്‍ നിന്ന് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ അവള്‍ക്ക് കരുത്ത് പകരുന്നത് ആകട്ടെ ഈ ദിനവും ഇതിന്റെ ആഘോഷങ്ങളും. പെണ്‍കരുത്തിന്റെ കാഹളം മുഴങ്ങാന്‍ വരാനിരിക്കുന്ന നാളുകള്‍ അവളുടെത് കൂടിയായി മാറട്ടെ. എല്ലാ വായനക്കാര്‍ക്കും വനിതാ ദിനാശംസകള്‍!