Monday, November 25, 2024

ഹരിയാനയില്‍ ഇന്റർനെറ്റ് നിരോധനം ആഗസ്റ്റ് 11 വരെ നീട്ടി

വര്‍ഗീയസംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹരിയനയിലെ നൂഹില്‍ ഏര്‍പ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി. സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിലാണ് നിരോധനം നീട്ടിയത്. ആഗസ്റ്റ് 11 വരെ ഇന്റർനെറ്റ് നിരോധനം തുടരുമെന്ന് ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയാണ് അറിയിച്ചത്.

“കാര്യങ്ങൾ മുഴുവനായും ശരിയായി വിലയിരുത്താൻ ഭരണകൂടത്തിനു സാധിച്ചിട്ടില്ല. ജൂലൈ 22 മുതൽ നുഹ് എസ്.പി (ഇപ്പോൾ ട്രാൻസ്ഫർ ചെയ്യപ്പെട്ടു) അവധിയിലായിരുന്നു. അധികചുമതലയുള്ളയാൾക്കും അനുവാദം നൽകിയ ഉദ്യോഗസ്ഥർക്കും ജാഥ ശരിയായി വിലയിരുത്താൻ കഴിഞ്ഞിട്ടില്ല. ഇതെല്ലാം അന്വേഷിക്കുകയാണ്” – സ്ഥിതിഗതികൾ വിലയിരുത്തുന്നതിൽ ഇന്റലിജൻസ് പരാജയപ്പെട്ടോ എന്ന ചോദ്യത്തിന് മറുപടിപറയവെ അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. നുഹിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിൽ ഭരണകൂടത്തിന് പോരായ്മ സംഭവിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം നുഹിൽ വിശ്വഹിന്ദുപരിഷത്ത് നടത്തിയ ഘോഷയാത്രയിൽ പങ്കടുക്കുന്നവരുടെ എണ്ണത്തിന്റെ കൃത്യമായ വിവരം സംഘാടകർ നൽകിയിരുന്നില്ലെന്ന് ബി.ജെ.പി നേതാവ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ 3,200 പേർ അണിനിരക്കുന്ന ഘോഷയാത്രയ്ക്ക് സംഘാടകർ അനുമതി നൽകിയെന്നും അതനുസരിച്ച് പോലീസ് സേനയെ വിന്യസിസിച്ചിരുന്നതായും ക്രമസമാധാനചുമതലയുള്ള അഡീഷണൽ ഡി.ജി.പി പറഞ്ഞതായി ഉപമുഖ്യമന്ത്രി അറിയിച്ചു.

Latest News