Sunday, November 24, 2024

ഇന്റര്‍നെറ്റ് വിച്ഛേദനം; അഞ്ചാം തവണയും ഒന്നാം സ്ഥാനത്ത് ഇന്ത്യ

2022ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച രാജ്യമായി ഇന്ത്യ. ന്യൂയോര്‍ക്ക് ആസ്ഥാനമായി ഡിജിറ്റല്‍ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്സസ് നൗ എന്‍ജിഒയുടെ റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റ് വിച്ഛേദിക്കലില്‍ വീണ്ടും ഇന്ത്യ ഒന്നാമതെത്തിയെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഈ റിപ്പോര്‍ട് പ്രകാരം, അഞ്ചാം തവണയാണ് ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നതില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തുന്നത്.

84 തവണയാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍, വിവിധ തിരഞ്ഞെടുപ്പുകള്‍ തുടങ്ങി വിവിധ കാരണങ്ങളാണ് ഇന്റര്‍നെറ്റ് വിച്ഛേദനത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

49 തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച ജമ്മു കശ്മീരാണ് ഇതില്‍ ഏറ്റവും മുന്നിലുള്ളത്. രാജസ്ഥാനില്‍ 12ഉം പശ്ചിമബംഗാളില്‍ ഏഴു തവണയുമാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. അതേസമയം, 2016 മുതല്‍ ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകളുടെ 58 ശതമാനവും ഇന്ത്യയിലാണ്.

2021ല്‍ 107 തവണയാണ് ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. 2022ല്‍ ലോകത്താകമാനം 35 രാജ്യങ്ങള്‍ 187 തവണയാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. റഷ്യയുമായുള്ള യുദ്ധ പശ്ചാത്തലത്തില്‍ യുക്രൈനില്‍ 22 തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

 

 

 

 

Latest News