Tuesday, November 26, 2024

മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനരാരംഭിച്ചു

വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നീക്കി. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചതായി സംസ്ഥാന സർക്കാരാണ് വ്യക്തമാക്കിയത്. മണിപ്പൂരിലെ വിമത ഗ്രൂപ്പായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്)സമാധാന കരാർ ഒപ്പിട്ടതിനെ തുടർന്നാണ് നീക്കം.

മേയ് മൂന്നിന് മണിപ്പൂരിൽ മേയ്തെയ്, കുക്കി വിഭാഗങ്ങൾക്കിടയിലുണ്ടായ സംഘട്ടനങ്ങള്‍ക്കു പിന്നാലെയാണ് സംസ്ഥാനത്തെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത്. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായരുന്നു ഇത്. സെപ്റ്റംബർ 23-ന് നിരോധനം താൽക്കാലികമായി നീക്കിയെങ്കിലും 26-ന് വീണ്ടും നിർത്തിവച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടനിലയിലാണ്. വിമത ഗ്രൂപ്പായ യുഎൻഎൽഎഫ് ആയുധം താഴെവച്ചതും സംസ്ഥാനത്തിനു ആശ്വാസമാണ്. ഇത് കൂടാതെ നിരോധനം നീണ്ടതിനാൽ പൊതുജനങ്ങൾ നേരിടുന്ന അസൗകര്യങ്ങളും കണക്കിലെടുത്താണ് സസ്‌പെൻഷനിൽ ഇളവ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതെന്ന് കമ്മീഷണർ (ഹോം) ടി രഞ്ജിത് സിംഗ് നൽകിയ നോട്ടീസിൽ പറയുന്നു. എന്നാൽ ചില ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ ഡിസംബർ 18 വരെ നിയന്ത്രണങ്ങൾ തുടരുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേര്‍ത്തു.

Latest News