സംഘർഷം വീണ്ടും ഉടലെടുത്ത സാഹചര്യത്തിൽ മണിപ്പൂരിൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി. സോഷ്യൽ മീഡിയകളിൽ കൂടി വിദ്വേഷം പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനാണിത്.
സെപ്റ്റംബർ 10 വൈകിട്ട് മൂന്ന് മണിമുതൽ സെപ്റ്റംബർ 15 വൈകിട്ട് മൂന്ന് വരേയാണ് സേവനം നിർത്തിവച്ചിരിക്കുന്നത്. വീണ്ടുമൊരു സംഘർഷത്തിലേക്ക് കടക്കാതിരിക്കാതിരിക്കാനാണ് ഈ നടപടി എന്ന് മണിപ്പൂർ സർക്കാർ വെളിപ്പെടുത്തി. കുക്കി – മെയ്തി വിഭാഗങ്ങൾക്കിടയിൽ ആഭ്യന്തര സംഘർഷം ഉടലെടുത്ത് ഒരു വർഷത്തിലേറെ ആയിട്ടും സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കാൻ ഭരണകൂടത്തിനോ കേന്ദ്രസർക്കാരിനോ സാധിച്ചിട്ടില്ല.
കഴിഞ്ഞ ആഴ്ചയിൽ മണിപ്പൂരിൽ വിവിധ ആക്രമണങ്ങളിലായി 11 പേരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഇംഫാലിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
കലാപകാരികൾക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ആരംഭിച്ച പ്രതിഷേധം സംഘർഷത്തിൽ അവസാനിച്ചതോടെയാണ് ഇംഫാലിലും പരിസര പ്രദേശങ്ങളിലും കർഫ്യൂ ഏർപ്പെടുത്തിയത്.