മനുഷ്യബന്ധങ്ങളെ ആഴത്തില്‍ അപഗ്രഥിക്കുന്നതും ചിന്തകളെ ഉദ്ദീപിക്കുന്നതുമാണ് ഇന്തോഅമേരിക്കന്‍ വംശജയും പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവുമായ ജുംബാ ലാഹിരിയുടെ ആദ്യ ചെറുകഥാസമാഹാരമായ ‘ഇന്റര്‍പ്രെട്ടര്‍ ഓഫ് മാലഡീസ്’ (വ്യാധികളുടെ വ്യാഖ്യാതാവ് ). 1999 ല്‍ പുറത്തിറക്കിയ ദി ഇന്റര്‍പ്രെറ്റര്‍ ഓഫ് മാലഡീസ്, പ്രവാസത്തിന്റെ മനോവ്യധകളില്‍ ഉഴറുന്ന ലക്ഷോപലക്ഷം ഇന്ത്യന്‍ കുടിയേറ്റക്കാരുടെ ജീവിതങ്ങള്‍ക്കു നേരേ പിടിച്ച കണ്ണാടിയായിരുന്നു. പുലിറ്റ്സര്‍ പ്രൈസ് നേടിയ ഈ പുസ്തകം വേറെയും അനേകം അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ഇതിനോടകം പതിനഞ്ച് ദശലക്ഷം കോപ്പികള്‍ വിറ്റഴിയുകയും ചെയ്തു.
ഒമ്പത് കഥകളുടെ സമാഹാരമാണ് ‘ഇന്റര്‍പ്രെട്ടര്‍ ഓഫ് മാലഡീസ്’ (വ്യാധികളുടെ വ്യാഖ്യാതാവ് ). കല്‍ക്കത്തക്കാരായ മാതാപിതാക്കളില്‍ നിന്ന് അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ജുംബാ ലാഹിരി, തന്റെ കഥകള്‍ക്ക് അമേരിക്കയും കല്‍ക്കത്തയും പശ്ചാത്തലമാക്കിയതും പ്രവാസ ഇന്ത്യക്കാരുടെ ജീവിതം വിഷയമാക്കിയതും തികച്ചും സ്വാഭാവികം മാത്രം. എങ്ങോട്ട് തിരിഞ്ഞാലും അവിടെ ഒരു കഥ കണ്ടെത്തുകയാണ് എഴുത്തുകാരി. വീണുകിടക്കുന്ന ഒരു കരിയിലയില്‍പ്പോലും സൗന്ദര്യം കണ്ടെത്തുന്ന ആ ഭാവന പുസ്തകത്തിലുടനീളം കാണാം. ശൂന്യതയില്‍ നിന്ന് സൃഷ്ടിക്കപ്പെടേണ്ടതോ ഗവേഷണം നടത്തിയോ അലഞ്ഞുതിരിഞ്ഞോ കണ്ടെടുക്കേണ്ടതോ ആയ ഒന്നല്ല കഥകളെന്നും മറിച്ച് നമ്മുടെ ചുറ്റിലും അനുനിമിഷം നടക്കുന്നതെന്തും കഥയാണെന്നും തെളിയിക്കുന്നതില്‍ ജുംബാ ലാഹിരി വിജയിച്ചുവെന്നതാണ് ഈ പുസ്തകത്തെ വായനാലോകത്ത് ഇത്രയധികം സ്വീകാര്യമാക്കിത്തീര്‍ത്തത്.
ബന്ധങ്ങളുടെയും ആശയവിനിമയങ്ങളുടെയും കഥ പറയുന്ന ഈ പുസ്തകത്തില്‍ ഇന്ത്യാവിഭജനവും, കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ രാജ്യത്തു നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും നടന്ന തൊഴില്‍തേടിയുള്ള കുടിയേറ്റത്തിന്റെയും അടയാളങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പ്രവാസ ഇന്ത്യക്കാരിലെ സംസ്‌കാരപരിണാമത്തെയും അവരിലെ സാമൂഹികമാറ്റങ്ങളെയും കഥകളിലൂടെ എഴുത്തുകാരി വിവരിക്കുന്നു.
അഭ്യൂഹങ്ങളും സൂക്ഷ്മമായ വിശദാംശങ്ങളും ഉള്‍ക്കൊള്ളുന്ന ഈ രചന പ്രവാസമോഹമോ പുറംനാട്ടുകാരന്റെ വൈകാരികമായ ആശയക്കുഴപ്പമോ അനുഭവിച്ചിട്ടുള്ളവര്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാകും. മനുഷ്യന്റെ വികാരങ്ങളെയും ഇടപെടലുകളെയും അതിന്റെ അസംസ്‌കൃത രൂപത്തില്‍ അവതരിപ്പിക്കുന്ന സാഹിത്യ ആവിഷ്‌കാരമാണ് ഈ കൃതി.