Tuesday, November 26, 2024

ഹരമായി ലഹരി; ഇരയായി കേരളം! മയക്കുമരുന്ന് ഉപയോഗത്തിനും കടത്തിനും എതിരായ അന്താരാഷ്ട്ര ദിനം – ജൂൺ 26

ഇപ്പോൾ കേരളം നേരിടുന്ന പ്രതിസന്ധി സമാനതകളില്ലാത്തതാണ്. ലഭ്യമായ സൂചനകൾപ്രകാരം ചില പ്രദേശങ്ങൾ മുഴുവനോടെ ലഹരിയുടെ പിടിയിൽ അകപ്പെടുത്തപ്പെട്ടു കഴിഞ്ഞു. ചില ഹയർ സെക്കണ്ടറി, കോളേജ് ബാച്ചുകളും, ചില പ്രദേശവാസികളായ കുട്ടികളും ഒന്നടങ്കം മയക്കുമരുന്നിന്റെ കെണിയിൽ കുടുങ്ങിയിരിക്കുന്നതായി അനുഭവങ്ങളിൽ നിന്ന് വ്യക്തമാണ്. ഇനി മുന്നോട്ടുള്ള കേരളത്തിന്റെ ഭാവി കൂടുതൽ ദുഷ്കരമായിരിക്കും എന്നുള്ളതാണ് വാസ്തവം. അക്രമസംഭവങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും ഇനിയും വർദ്ധിക്കുന്ന കാഴ്ചകളാവും നാം കാണേണ്ടതായി വരിക. കേവലം ബോധവത്ക്കരണത്തിൽ ഒതുങ്ങിനിൽക്കാതെ വ്യക്തമായ ദിശാബോധത്തോടെയുള്ള പ്രവർത്തനപദ്ധതികളാണ് ഇവിടെ ആവശ്യം.

മയക്കുമരുന്നിന്റെ കെണികളിൽപെട്ട് ജീവിതം താളം തെറ്റുകയും, മാഫിയബന്ധങ്ങളിൽ അകപ്പെട്ട് വിമുക്തി സാധ്യമാകാത്തവരും, മനോനില തകർന്നവരും, ചികിത്സകൾ നടത്തിയിട്ടും ഫലമില്ലാതെ പോകുന്നവരും തുടങ്ങി സഹായം ആവശ്യമുള്ള എല്ലാവർക്കും വിവിധ തലങ്ങളിൽ ആവശ്യമായ പിന്തുണ ലഭിക്കണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സമീപകാലങ്ങളായി കേരളം ഏറ്റവുമധികം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മയക്കുമരുന്ന് വ്യാപനം. സർക്കാർ മുതൽ മാധ്യമങ്ങളും സംഘടനകളും സ്ഥാപനങ്ങളും വരെ ലഹരി വ്യാപനത്തിന് എതിരായുള്ള പ്രചാരണപരിപാടികൾ ഏറ്റെടുത്ത് വിവിധ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. ബോധവത്ക്കരണ പരിപാടികളാണ് പ്രധാനം. ലഹരിയെ പ്രതിരോധിക്കാൻ കുടുംബങ്ങളെയും വ്യക്തികളെയും സജ്ജരാക്കുകയാണ് അത്തരം പദ്ധതികളുടെ പ്രധാന ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ലഹരിവ്യാപനം ചെറുക്കാനുള്ള പദ്ധതികൾ സർക്കാരും വിഭാവനം ചെയ്യുന്നു. മയക്കുമരുന്ന് പിടിക്കപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണ് ഏതാനും ആഴ്ചകൾക്കു മുമ്പ് കേരളാതീരത്ത് നടന്നത്. 12,000 കോടി രൂപയിലേറെ വിലമതിക്കുന്ന, ടൺ കണക്കിന് പലയിനം മയക്കുമരുന്നുകളാണ് അന്ന് പിടികൂടിയത്. എണ്ണമറ്റ രീതിയിൽ പിടിക്കപ്പെടുന്ന ചെറുകേസുകൾ ഇന്ന് വാർത്തയല്ലാതായിക്കഴിഞ്ഞിട്ടുണ്ട്.

മുൻ എക്സൈസ് മന്ത്രിയും ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദൻ മുമ്പ് ഒരിക്കൽ ഒരു ഇൻറർവ്യൂവിൽ വെളിപ്പെടുത്തിയത് അനുസരിച്ച്, പിടിക്കപ്പെടുന്നതിനേക്കാൾ വളരെയേറെ ഇവിടെ വിറ്റഴിക്കപ്പെടുന്നു എന്ന നിരീക്ഷണമാണ് എക്സൈസിന് ഉള്ളത്. മാത്രവുമല്ല, ലഹരിമരുന്നുകളുടെ മൊത്തവില്പനക്കാരും വിപണനശ്രേണിയിലെ പ്രധാന കണ്ണികളും ആരാണെന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. മുൻകാലങ്ങളിൽ പിടിക്കപ്പെട്ടിരുന്ന നിരോധിത ലഹരിവസ്തുക്കളുടെ അളവ് ഇപ്പോൾ പിടിക്കപ്പെടുന്ന ചില സംഭവങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നു എന്നുള്ളത് ഒരു പ്രധാന വസ്തുതയാണ്.

പുതുതലമുറ, മയക്കുമരുന്നുകൾ അത്രമാത്രം ലഭ്യമാകാതിരുന്ന പഴയകാലത്ത് കേവലം അരയോ, ഒന്നോ കിലോ കഞ്ചാവ് പിടിക്കപ്പെടുന്നതു പോലും മാധ്യമങ്ങൾക്ക് വലിയ വാർത്തയായിരുന്നെങ്കിൽ ഇന്ന് മുന്നൂറും അഞ്ഞൂറും കിലോ പിടിക്കപ്പെടുന്നതു പോലും വാർത്തയല്ലാതായിരിക്കുന്നു. കിലോക്ക് ആറര കോടി മതിപ്പ് വരുന്ന എംഡിഎംഎ പോലുള്ള മാരക മയക്കുമരുന്നുകൾ വരെ വലിയ അളവിൽ പിടിക്കപ്പെടുന്ന സംഭവങ്ങൾ ധാരാളമുണ്ട്. അത്തരം അതീവമാരക മയക്കുമരുന്നുകളാണ് സമീപകാല സംഭവങ്ങളിൽ എല്ലായ്‌പ്പോഴും തന്നെ പിടിക്കപ്പെടുന്നത് എന്നുള്ളതും പ്രാധാന്യമർഹിക്കുന്ന വസ്തുതയാണ്. ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത് എംഡിഎംഎ പോലുള്ള സിന്തറ്റിക്ക് മയക്കുമരുന്നുകളാണ്.

കേരളമെമ്പാടും പടർന്നിരിക്കുന്ന അദൃശ്യമായ ഒരു വിപണനശൃംഖല ലഹരിവിതരണത്തിനുണ്ട് എന്നുളളത് നിസ്തർക്കമാണ്. രാഷ്ട്രീയത്തിന്റെയും ഉദ്യോഗസ്ഥവൃന്ദങ്ങളുടെയും സിനിമയുടെയും വിവിധ കച്ചവടമേഖലകളുടെയും അകത്തളങ്ങളിലൂടെ അതിന്റെ വേരുകൾ സഞ്ചരിക്കുന്നു. അതീവ ഭയാനകമായ രീതിയിൽ വിവിധ വഴികളിലൂടെ ലഹരിമാഫിയ വലിയൊരു ശതമാനം യുവജനങ്ങളിൽ പിടിമുറുക്കിക്കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് അന്വേഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും വെളിച്ചത്തിൽ വ്യക്തമാണ്.

തിരിച്ചുവരവ് ദുഷ്കരമായ രീതിയിൽ കെണികളിൽ അകപ്പെട്ടുപോയിരിക്കുന്ന യുവജനങ്ങൾ അനേകമുണ്ട്. പെരുകുന്ന ആത്മഹത്യകളും കൊലപാതകങ്ങളും അക്രമങ്ങളും നൽകുന്ന സൂചനയും അതു തന്നെയാണ്. ഇത്തരം ഗുരുതരമായ ഒരു സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ലഹരിവ്യാപനത്തിനെതിരെ നടക്കുന്ന പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുത്തേണ്ടതായുള്ളത്. നിലവിൽ അപകടകരമായ വിധത്തിൽ കെണികളിൽ അകപ്പെട്ടിരിക്കുന്ന സ്കൂൾ – കോളേജ് വിദ്യാർത്ഥികൾ മുതലുള്ള യുവജനങ്ങൾക്കും കുട്ടികൾക്കും ഒരു തിരിച്ചുവരവ് സാധ്യമാക്കാൻ ഇപ്പോഴുള്ള പ്രവർത്തനപദ്ധതികൾ പര്യാപ്തമാണോ എന്ന വിചിന്തനവും ആവശ്യമാണ്.

നാട്ടിൻപുറങ്ങളിലെ സ്കൂളുകളിൽ പോലും മാരക മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമായുണ്ട് എന്നാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥികൾ പോലും മയക്കുമരുന്നിന് അടിമകളാവുകയും വിപണനശൃംഖലയുടെ ഭാഗമായി മാറുകയും ചെയ്തിട്ടുള്ള അനുഭവങ്ങൾ പലതുണ്ട്. പുതുതലമുറക്ക് മയക്കുമരുന്നുകൾ വളരെ കുറഞ്ഞ അളവ് മതിയാകും എന്നതിനാൽ കൈകാര്യം ചെയ്യുക എളുപ്പമാണ് എന്നുള്ളത് കണ്ടെത്തൽ ദുഷ്കരമാക്കുന്നു. അധ്യാപകർക്കും മാതാപിതാക്കൾക്കു പോലും ആദ്യഘട്ടത്തിൽ തിരിച്ചറിയാൻ കഴിയാതെ പോകുന്ന സംഭവങ്ങളാണ് ഏറെയും. ഒട്ടുമിക്ക കേസുകളിലും ക്രമേണ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ പരിധികൾ ലംഘിച്ചുകഴിയുമ്പോഴാണ് കാരണം വ്യക്തമാകുന്നത്. അത്തരത്തിൽ കൈവിട്ടു പോയിട്ടുള്ള യുവജനങ്ങളുടെ എണ്ണവും അനുഭവങ്ങളും നടുക്കമുളവാക്കുന്നവയാണ്. ഒട്ടേറെ കേസുകളിൽ ചികിത്സ കൊണ്ടു പോലും കാര്യമായ മാറ്റമുണ്ടാകുന്നില്ല എന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്.

സംസ്ഥാന സർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന പ്രതിരോധ പദ്ധതികൾ പലതും സ്വാഗതാർഹമാണ്. എന്നാൽ സുസ്ഥിരമായ ഫലപ്രാപ്തിക്ക് അവ ഉപകരിക്കുമോ എന്നുള്ളത് സംശയനീയമാണ്. ലഹരിമാഫിയയുടെ തായ്‌വേര് അറുക്കുകയാണ് പ്രധാനമായ ആവശ്യം. കടലും അതിർത്തികളും കടന്ന് ഈ മണ്ണിലേക്കെത്തുന്ന ലഹരിമരുന്നുകളുടെ ഉറവിടം കണ്ടെത്തി ലഭ്യത നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ കേന്ദ്ര – സംസ്ഥാന സർക്കാരുകളും സുരക്ഷാ ഏജൻസികളും കൈക്കൊള്ളണം. ലഹരിവിൽപനയുടെ തീവ്രവാദ ബന്ധങ്ങളും അതിന്റെ ഭാഗമായ പണമിടപാടുകളും സ്വാധീനങ്ങളും തുടച്ചുനീക്കപ്പെടുകയാണ് പ്രധാന ആവശ്യം. ലഹരിമാഫിയയുടെ വക്താക്കളും രഷ്ട്രീയ-വർഗീയനേതൃത്വങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങൾ കണ്ടെത്തി തിരുത്തലുകൾ നടത്തുവാൻ സർക്കാരുകൾ നടപടി സ്വീകരിക്കണം.

ഇത്തരം അന്തർദേശീയ ബന്ധങ്ങളും കടൽ വഴിയും കരയിലൂടെയും വൻതോതിൽ മയക്കുമരുന്നുകൾ എത്തിച്ചേരാനുള്ള സാധ്യതകളും നിലനിൽക്കുന്നപക്ഷം പ്രാദേശിക വിതരണശൃംഖലകളെ ഇല്ലാതാക്കുക എളുപ്പമല്ല. കാരണം, വിവിധ ഘട്ടങ്ങളിലായി ആവശ്യക്കാർക്ക് മയക്കുമരുന്നുകൾ എത്തിച്ചുനൽകുന്നവരിൽ ഭൂരിപക്ഷവും മയക്കുമരുന്നിന് അടിമകളാണ്. സമീപകാലത്തെ വിവിധ സംഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നതനുസരിച്ച്, മയക്കുമരുന്നിന് അടിമകളാക്കി സ്കൂൾ വിദ്യാർത്ഥികളെയും പെൺകുട്ടികളെയും ഉൾപ്പെടെ ലഹരിമാഫിയകൾ കാരിയേഴ്സ് ആക്കിമാറ്റുന്നുണ്ട്. പണം മുടക്കാതെ തൊഴിൽരഹിതരും വിദ്യാർത്ഥികളുമായ ഒരു വിഭാഗം പേർക്ക് യഥേഷ്ടം മയക്കുമരുന്ന് ലഭിക്കുന്നതായുള്ള വിവരങ്ങളുണ്ട്. മയക്കുമരുന്നിന് അടിമകളായി മാറുന്ന അത്തരക്കാർ കാരിയറുകളായി തുടരുകയും ഏതു വിധേനയും തങ്ങൾക്ക് മയക്കുമരുന്ന് ലഭ്യമാക്കാനുള്ള വഴി കണ്ടെത്തുകയും ചെയ്യും.

സ്കൂളുകളിലെയും കോളേജുകളിലെയും ലഹരിയുടെ ഉപയോഗവും വിതരണവും വിശദമായ അന്വേഷണങ്ങൾക്ക് വിധേയമാക്കപ്പെടേണ്ടതുണ്ട്. എഞ്ചിനീയറിംഗ് കോളേജുകളിലും മറ്റും കടന്നെത്തുന്ന വിദ്യാർത്ഥികളിൽ മോശമല്ലാത്ത ഒരു വിഭാഗം വളരെ പെട്ടെന്ന് ലഹരിക്ക് അടിമകളായി മാറുകയും ജീവിതം തകർച്ചയിൽ അവസാനിക്കുകയും ചെയ്യുന്നുണ്ട്. നിരവധി ഹയർ സെക്കണ്ടറി സ്കൂളുകളും വ്യാപകമായ ലഹരി ഉപയോഗം കൊണ്ട് കുപ്രസിദ്ധമാണ്. ലഹരി നൽകിയുള്ള ലൈംഗിക ദുരുപയോഗവും അപൂർവ്വമല്ല എന്ന് സമീപകാല വാർത്തകളിൽ നിന്ന് വ്യക്തമാണ്. ഇത്തരത്തിൽ പലവിധ കെണികളിൽ അകപ്പെടുത്തുന്നതിനായി ലഹരി ഒരു മാർഗ്ഗമായി മാറ്റപ്പെടുന്നുണ്ട് എന്നുള്ളതിന് സൂചനകളുണ്ട്. അത്തരം സന്ദേഹങ്ങളും അന്വേഷണ ഏജൻസികൾ ഏറ്റെടുക്കുകയും വ്യക്തത വരുത്തുകയും വേണം.

പ്രായപൂർത്തിയാകുന്നതിനു മുമ്പു തന്നെ ലഹരി കീഴ്‌പ്പെടുത്തിയിട്ടുള്ള കുട്ടികളുടെ കുടുംബങ്ങൾ ഒട്ടനവധി തകർച്ചയുടെ വക്കിലാണ് എന്നുള്ളത് ഒരു ദയനീയമായ യാഥാർഥ്യമാണ്. മാനസികമായി തകരുകയും ആശ്രയമില്ലാത്തവരായി മാറുകയും ചെയ്തിരിക്കുന്ന മാതാപിതാക്കൾ നിരവധിയാണ്. സ്വന്തം മക്കൾക്ക് സംഭവിച്ചുകഴിഞ്ഞിരിക്കുന്ന ദുരന്തം പുറംലോകത്തെ അറിയിക്കാൻ മടിച്ച്, പരിഹാരമില്ലാത്ത വേദനയിൽ കഴിയുന്നവരും ഒരുപാടുണ്ട്. സ്വന്തം സഹോദരങ്ങളെയും മാതാപിതാക്കളെയും അപായപ്പെടുത്താൻ സാധ്യതയുള്ള വിധത്തിൽ കടുത്ത അക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നവർ, നിരവധി നാളത്തെ ചികിത്സക്കു ശേഷവും പഴയ അവസ്ഥയിലേക്ക് തിരികെ എത്താതെ മാനസികരോഗികളെപ്പോലെ കഴിയുന്നവർ, പഠനവും ഭാവിയും കൈവിട്ടുകളഞ്ഞവർ എന്നിങ്ങനെ കേരളത്തിലെ ഭവനങ്ങൾക്കുള്ളിലെ ദുരന്തകഥകൾ പറഞ്ഞവസാനിപ്പിക്കാൻ കഴിയാത്തവയാണ്.

ഇപ്പോൾ കേരളം നേരിടുന്ന പ്രതിസന്ധി സമാനതകളില്ലാത്തതാണ്. ലഭ്യമായ സൂചനകൾപ്രകാരം ചില പ്രദേശങ്ങൾ മുഴുവനോടെ ലഹരിയുടെ പിടിയിൽ അകപ്പെടുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ചില ഹയർ സെക്കണ്ടറി, കോളേജ് ബാച്ചുകളും, ചില പ്രദേശവാസികളായ കുട്ടികളും ഒന്നടങ്കം മയക്കുമരുന്നിന്റെ കെണിയിൽ കുടുങ്ങിയിരിക്കുന്നതായി അനുഭവങ്ങളിൽ നിന്ന് വ്യക്തമാണ്. ഇനി മുന്നോട്ടുള്ള കേരളത്തിന്റെ ഭാവി കൂടുതൽ ദുഷ്കരമായിരിക്കും എന്നുള്ളതാണ് വാസ്തവം. അക്രമസംഭവങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും ഇനിയും വർദ്ധിക്കുന്ന കാഴ്ചകളാവും നാം കാണേണ്ടതായിവരിക. കേവലം ബോധവത്ക്കരണത്തിൽ ഒതുങ്ങിനിൽക്കാതെ വ്യക്തമായ ദിശാബോധത്തോടെയുള്ള പ്രവർത്തനപദ്ധതികളാണ് ഇവിടെ ആവശ്യം. മയക്കുമരുന്നിന്റെ കെണികളിൽപെട്ട് ജീവിതം താളം തെറ്റുകയും മാഫിയബന്ധങ്ങളിൽ അകപ്പെട്ട് വിമുക്തി സാധ്യമാകാത്തവരും മനോനില തകർന്നവരും ചികിത്സകൾ നടത്തിയിട്ടും ഫലമില്ലാതെ പോകുന്നവരും തുടങ്ങി സഹായം ആവശ്യമുള്ള എല്ലാവർക്കും വിവിധ തലങ്ങളിൽ ആവശ്യമായ പിന്തുണ ലഭിക്കണം.

പ്രായോഗികതലത്തിൽ നൂതനമായ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ട്, ഇപ്പോൾ കെണികളിൽ അകപ്പെട്ടിരിക്കുന്ന യുവജനങ്ങളുടെയും കുട്ടികളുടെയും ഇരുട്ടിൽ തപ്പുന്ന അവരുടെ കുടുംബങ്ങളുടെയും സംരക്ഷണ-പുനരധിവാസ ഉത്തരവാദിത്വം  ഉപധികളില്ലാതെ ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകണം. ഒപ്പം, ഒരു വശത്ത് ലഹരിയെ എതിർക്കുമ്പോഴും മറുവശത്ത് മദ്യവിൽപനയെ പ്രധാന വരുമാനമാർഗ്ഗമായി കാണുന്ന ശൈലി ഉപേക്ഷിക്കാനും ആത്മാർത്ഥതയോടെ ഈ വിഷയങ്ങളെ സമീപിക്കാനും കേരള സർക്കാർ ആർജ്ജവം പ്രകടിപ്പിക്കണം. സിനിമ മേഖലയിലും അവിശുദ്ധമായ രാഷ്ട്രീയ-കച്ചവടബന്ധങ്ങൾക്കു മറവിലും വളരുന്ന ലഹരിവ്യാപനത്തെക്കുറിച്ച് ശരിയായ രീതിയിലുള്ള അന്വേഷണങ്ങളും ഇടപെടലുകളും ഉണ്ടാകണം. സിനിമകളിലൂടെ ലഹരി ഉപയോഗവും അനുബന്ധ അക്രമപ്രവർത്തനങ്ങളും വീര പരിവേഷം നൽകി അവതരിപ്പിക്കപ്പെടുന്ന പ്രവണതയും ലഹരി ഉപയോഗം വ്യാപകമായി നടക്കുന്ന ശൈലിയും നിയന്ത്രിക്കാൻ സർക്കാർ സവിശേഷശ്രദ്ധ ചെലുത്തണം.

കടപ്പാട്: കെസിബിസി ജാഗ്രത കമ്മീഷൻ

Latest News