വൈദ്യുതി തടസ്സത്തെ തുടർന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളം ഒരു ദിവസത്തെ അടച്ചിടലിനുശേഷം പൂർണ്ണമായും പ്രവർത്തനം പുനരാരംഭിച്ചത് കഴിഞ്ഞ ദിവസമാണ്. രാജ്യത്തിന്റെ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിരോധശേഷിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയ തകരാറിനെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ നാഷണൽ എനർജി സിസ്റ്റം ഓപ്പറേറ്ററെ ചുമതലപ്പെടുത്തിയതായി ബ്രിട്ടന്റെ ഊർജമന്ത്രാലയം ശനിയാഴ്ച അറിയിച്ചു. കൂടുതൽ കാലതാമസങ്ങളും റദ്ദാക്കലുകളും ഉണ്ടാകുമെന്ന് എയർലൈനുകൾ മുന്നറിയിപ്പ് നൽകിയിട്ടും എങ്ങനെ ഇത്രവേഗം പ്രശ്നങ്ങളെല്ലാം പരിഹരിച്ചു എന്ന കാര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ വിമാനത്താവളമായ ഇവിടെ വെള്ളിയാഴ്ച 1,351 വിമാനങ്ങൾ 2,91,000 യാത്രക്കാരുമായി യാത്ര ചെയ്തു. എന്നാൽ അടുത്തുള്ള ഒരു ഇലക്ട്രിക്കൽ സബ്സ്റ്റേഷനിലുണ്ടായ തീപിടുത്തത്തെ തുടർന്ന് വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിടേണ്ടിവരികയായിരുന്നു. കൂടാതെ, നിരവധി ദീർഘദൂര വിമാനങ്ങൾ അവയുടെ പുറപ്പെടൽ സ്ഥലത്തേക്കു മടങ്ങി.
2010 ൽ ഐസ്‌ലാൻഡിക് അഗ്നിപർവത ചാരമേഘം മൂലം ഒരുലക്ഷം വിമാനങ്ങൾ നിലത്തിറക്കിയപ്പോഴാണ് യൂറോപ്യൻ വിമാനത്താവളങ്ങളിൽ ഇത്രയും വലിയ തോതിൽ തടസ്സം നേരിട്ടതെന്ന് വ്യോമയാന വിദഗ്ധർ പറഞ്ഞു.