Monday, November 25, 2024

2075 ഓടെ ഇന്ത്യ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഗോള്‍ഡ്മാന്‍ സാക്‌സ്

ജപ്പാനെയും ജര്‍മ്മനിയെയും മറികടന്ന് 2075 ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് റിപ്പോര്‍ട്ട്. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഗോള്‍ഡ്മാന്‍ സാക്‌സാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിലവില്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ.

അനുകൂലമായ ജനസംഖ്യാശാസ്ത്രം, നവീകരണവും സാങ്കേതികവിദ്യ, ഉയര്‍ന്ന മൂലധന നിക്ഷേപം, തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത വര്‍ധനവ്‌ തുടങ്ങിയ ഘടകങ്ങള്‍ ചൂണ്ടികാട്ടിയാണ് റിപ്പോര്‍ട്ട്. അടുത്ത രണ്ട് ദശകങ്ങളില്‍, ഇന്ത്യയുടെ ആശ്രിത അനുപാതം പ്രാദേശിക സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും താഴ്ന്നതായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. നവീകരണം, തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കല്‍, മൂലധന നിക്ഷേപം എന്നിവയും വളര്‍ച്ചയുടെ പ്രധാന ചാലകമായി മാറുമെന്നും ഗോള്‍ഡ്മാന്‍ സാക്സ് റിസര്‍ച്ച് ചൂണ്ടിക്കാണിക്കുന്നു.

അടിസ്ഥാന സൗകര്യ വികസനത്തിന്, പ്രത്യേകിച്ച് റോഡുകളുടെയും റെയില്‍വേയുടെയും സജ്ജീകരണത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു ഇടയാക്കും. കൂടാതെ സ്വകാര്യ മേഖലക്കും നേട്ടം സൃഷ്ടിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, തൊഴില്‍ പങ്കാളിത്ത നിരക്ക് വര്‍ധിച്ചില്ലെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് ഒാര്‍മ്മപ്പെടുത്തുന്നു. കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യയിലെ തൊഴില്‍ പങ്കാളിത്ത നിരക്ക് കുറഞ്ഞെന്നും തൊഴില്‍ സേനയില്‍ സ്ത്രീകളുടെ പങ്കാളിത്തം പുരുഷന്മാരേക്കാള്‍ വളരെ കുറവാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു

Latest News