Monday, April 21, 2025

മതകാര്യ പോലീസ് സംവിധാനം പിരിച്ചുവിട്ട് ഇറാൻ

ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമായി തുടരുന്നതിനിടെ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയ മതകാര്യ പോലീസ് സംവിധാനം ഇറാൻ നിർത്തലാക്കി. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നീതിന്യായ സംവിധാനത്തിൽ പ്രസക്തിയില്ലെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണു മതപൊലീസിനെ പിൻവലിച്ചതെന്ന് അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മുൻതസിരി പറഞ്ഞതായി എഎഫ് പി വെളിപ്പെടുത്തി.

സെപ്റ്റംബർ 16 ന് വസ്ത്രധാരണത്തിന്റെ പേരിൽ ഇറാൻ മൊറാലിറ്റി പോലീസ് പിടികൂടിയ മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തിന് ശേഷം ഇറാനിൽ ആരംഭിച്ച പ്രക്ഷോഭങ്ങൾ രണ്ട് മാസം പിന്നിടുന്നതിനിടെയാണ് സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്. മതകാര്യ പോലീസ് സംവിധാനവും, വസ്ത്ര ധാരണ നിയമങ്ങളും ഇറാൻ ഭരണകൂടം പുനഃപരിശോധനയ്ക്കാൻ ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇറാൻ പാർലമെന്റും ജുഡീഷ്യറിയും ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി വരികയാണെന്നും അറ്റോർണി ജനറലിനെ ഉദ്ധരിച്ച് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളും ഹിജാബ് കത്തിക്കലുമായി പ്രക്ഷോഭം ദിനംപ്രതി രൂക്ഷമാകുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹിജാബ് നിയമം പുനഃപരിശോധിക്കാനുള്ള ഇറാൻ ഭരണകൂടത്തിന്റെ നീക്കം. ഹിജാബ് മാറ്റി പ്രക്ഷോഭത്തിൽ പങ്കെടുത്ത പെൺകുട്ടികൾ പോലീസ് മർദനത്തിൽ കൊല്ലപ്പെട്ടതും പ്രക്ഷോഭം ശക്തമാക്കാൻ കാരണമായി തീർന്നു. മഹ്സ അമിനിയുടെ മരണ ശേഷം ഇറാനിൽ ഹിജാബ് നിയമങ്ങൾ പാലിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിരുന്നു.

Latest News