Tuesday, November 26, 2024

ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ വ്യോമഗതാഗതം നിര്‍ത്തിവെച്ച് ഇറാന്‍; പ്രതികരിക്കാതെ അമേരിക്ക

ഇസ്രായേല്‍ ആക്രമണമുണ്ടായെന്ന വാര്‍ത്തകള്‍ക്കിടെ വ്യോമഗതാഗതം നിര്‍ത്തിവെച്ച് ഇറാന്‍. ടെഹ്‌റാന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് വ്യോമഗതാഗതം നിര്‍ത്തിവെച്ചു. ഇറാനിലെ ഇസ്ഫഹന്‍ നഗരത്തിന് സമീപം സ്‌ഫോടനമുണ്ടായെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇറാന്റെ പ്രതിരോധ നടപടികള്‍.

സിറിയയിലെ ഇറാന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി ഇറാന്‍ ഇസ്രായേലില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇസ്രായേല്‍ മിസൈലുകള്‍ ഇറാനില്‍ പതിച്ചതെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുടെ കേന്ദ്രബിന്ദുവായ നതാന്‍സ് ഉള്‍പ്പെടെ നിരവധി ഇറാനിയന്‍ ആണവ സൈറ്റുകള്‍ ഇസ്ഫഹാന്‍ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്.

ഇറാന്റെ വ്യോമാതിര്‍ത്തിയിലൂടെ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം ഇസ്രയേലിന്റെ ഇറാന്‍ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസോ പെന്റഗണോ തയ്യാറായിട്ടില്ല. ഇറാന്റെ ഡ്രോണ്‍ആക്രമണത്തിന് പിന്നാലെ തിരിച്ചടിയുണ്ടാവുമെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. ഇറാന്‍ ആക്രമിച്ചാല്‍ ഇസ്രയേലിനെ തങ്ങള്‍ പിന്തുണക്കുമെന്നാണ് യുഎസ് നിലപാട്

 

Latest News