പ്രതിഷേധക്കാരെ പിന്തുണയ്ക്കുകയും ഭരണകൂടത്തെ അധിക്ഷേപിക്കുകയും ചെയ്തുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു എന്നാരോപിച്ച് ഇറാനിൽ പ്രമുഖ നടിയെ അറസ്റ്റ് ചെയ്തു. ഓസ്കർ പുരസ്കാരം ലഭിച്ച ദ് സെയിൽസ്മാനിലെ നായികയായ തരാന അലിദോസ്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇറാൻ സർക്കാർ വധശിക്ഷ നൽകിയ മൊഹ്സെൻ ഷെക്കാരിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
എബൗട്ട് എല്ലി, ദ് ബ്യൂട്ടിഫുൾ സിറ്റി തുടങ്ങിയ ചിത്രങ്ങളിലൂടെയും പ്രശസ്തയായ തരാന ഇൻസ്റ്റഗ്രാമിൽ ഹിജാബ് വിരുദ്ധ പ്രതിഷേധക്കാരെ അനുകൂലിച്ചു മൂന്നു പോസ്റ്റുകളാണ് ഇട്ടിരുന്നത്. ഈ പോസ്റ്റ് ശ്രദ്ധയിൽ പെട്ടതോടെ അറസ്റ്റിനു ഒപ്പം 80 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന തരാനയുടെ അക്കൗണ്ടും താൽക്കാലികമായി നിർത്തിവച്ചു.
ഗതാഗതം തടസ്സപ്പെടുത്തിയെന്നും സുരക്ഷാജീവനക്കാരനെ ആക്രമിച്ചെന്നുമുള്ള കുറ്റം ചുമത്തിയും ഷെക്കാരിയെ ടെഹ്റാനിലെ റവല്യൂഷനറി കോടതി വിചാരണ നടത്തുകയും നവംബർ 20 നു വധശിക്ഷ വിധിക്കുകയുമായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധത്തെ പിന്തുണച്ചതിന് അറസ്റ്റിലായ ഇറാനിയൻ നടിമാരായ ഹെൻഗമേഹ് ഗാസിയാനി, കതയോൻ റിയാഹി, ഇറാൻ ഫുട്ബോൾ ടീം അംഗം വോറിയ ഗഫൗരി എന്നിവരെ പിന്നീടു വിട്ടയച്ചിരുന്നു.