Wednesday, November 27, 2024

ഇറാനിൽ കുർദ് മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിപ്പിച്ച് സർക്കാർ

ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടയിൽ കുർദ് മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിപ്പിച്ചിരിക്കുകയാണ് സർക്കാർ. പ്രതിഷേധ പ്രകടങ്ങളെ സൈനിക ശക്തി ഉപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടി. ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത കുർദ് വംശജയായ മഹ്സ അമിനി മരിച്ചതിനെ തുടർന്ന് ആരംഭിച്ച പ്രക്ഷോഭം കുർദ്ദ് മേഖലകളിൽ കൂടുതൽ ശക്തി പ്രാപിക്കുകയാണ്.

ടാങ്കുകൾ അടക്കമുള്ള സൈനികവ്യൂഹം പടിഞ്ഞാറൻ പ്രവിശ്യയായ സാനന്ദജിലേക്ക് നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. യുദ്ധവിമാനങ്ങളും കൂടുതൽ സൈന്യവും ഇവിടെ എത്തിയതായി നോർവേ ആസ്ഥാനമായ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. വീടുകൾക്കു നേരെയും പൊലീസ് വെടിവച്ചതായി കുർദ് മനുഷ്യാവകാശ സംഘടനയായ ഹെങ്കാവ് വ്യക്തമാക്കുന്നു.

കൂടാതെ പ്രതിഷേധക്കാർക്ക് പിന്തുണയർപ്പിച്ചുകൊണ്ട് എണ്ണയുത്പാദന മേഖലകളിൽ ഉള്ള തൊഴിലാളികൾ സമരം നടത്തുന്നതും ഇത് ശക്തമായി വ്യാപിക്കുന്നതും സർക്കാരിനെ കൂടുതൽ അസ്വസ്ഥമാക്കിയിട്ടുണ്ട്. സമരത്തെ തുടർന്ന് തെക്കുപടിഞ്ഞാറൻ മേഖലകളിൽ ഇന്ധനക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. എന്നാൽ ജീവനക്കാരുടേതു ശമ്പളവർധനയ്ക്കുവേണ്ടിയുള്ള സമരമാണെന്നാണ് ഇറാൻ അധികൃതർ പറയുന്നത്.

Latest News