ജോര്‍ദാനിലെ യു.എസ് സൈനികതാവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്. യു.എസ് സൈന്യവും മേഖലയിലെ ചെറുത്തുനില്‍പ്പ് ഗ്രൂപ്പുകളും തമ്മില്‍ സംഘര്‍ഷമുണ്ടെന്നും പ്രത്യാക്രമണത്തിലേക്ക് നയിച്ചത് ഇതാണെന്നും ഇറാന് പറഞ്ഞു. തങ്ങള്‍ക്കെതിരായ യു.എസ് ആരോപണം രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണെന്നും മേഖലയിലെ വസ്തുതകള്‍ വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നും ഇറാന് പ്രതികരിച്ചു.
വടക്കുകിഴക്കന്‍ ജോര്‍ഡനില്‍ സിറിയന്‍ അതിര്‍ത്തിക്ക് സമീപത്തെ യു.എസ് ബേസിലാണ് ഇന്നലെ ഡ്രോണ്‍ ആക്രമണമുണ്ടായത്. മൂന്ന് യു.എസ് സൈനികര്‍ കൊല്ലപ്പെടുകയും 30ഓളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
സൈനികര്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദികളെ വെറുതെവിടില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന് പ്രസ്താവിച്ചിരുന്നു. സിറിയയിലും ഇറാഖിലും ഇറാന് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നും തീവ്രവാദത്തിനെതിരായ പോരാട്ടം തുടരുമെന്നും ബൈഡന് പറഞ്ഞിരുന്നു.
ഗസ്സയില്‍ യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് മേഖലയില്‍ യു.എസ് സൈനികര്‍ കൊല്ലപ്പെടുന്നത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. സൈനിക ബാരക്കിന് നേരെ അതിരാവിലെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായതെന്നും അതാണ് ആഘാതം വര്‍ധിക്കാനിടയാക്കിയതെന്നും യു.എസ് അധികൃതര്‍ സൂചിപ്പിച്ചു. മരിച്ചവരുടെയും പരുക്കേറ്റവരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.