മതപോലീസിനെതിരെ ഇറാനിൽ നടന്ന പ്രതിഷേധത്തിൽ അറസ്റ്റിലായ മൊഹ്സെൻ ഷെക്കാരിയുടെ വധശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. വ്യാഴാഴ്ചയാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ടെഹ്റാൻ നടപ്പിലാക്കിയ ആദ്യത്തെ വധശിക്ഷയാണിത്.
സെപ്റ്റംബർ 16ന് കുർദ് വംശജയായ മഹ്സ അമിനി (22) മതപ്പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ ആദ്യം അറസ്റ്റിലായ ആളാണ് ഷെക്കാരി. ഗതാഗതം തടസ്സപ്പെടുത്തിയെന്നും സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചെന്നുമാണ് അദ്ദേഹത്തിനെതിരായ കുറ്റം. ടെഹ്റാനിലെ റവല്യൂഷനറി കോടതി വിചാരണ നടത്തി നവംബർ 20നാണ് വധശിക്ഷ വിധിച്ചത്. രാജ്യവ്യാപകമായ പ്രക്ഷോഭത്തിൽ 475 പേർ കൊല്ലപ്പെട്ടിരുന്നു.
18,000 പേർ അറസ്റ്റിലായി. ഇവരിൽ 21 പേർക്ക് ഇതിനകം വധശിക്ഷ വിധിച്ചുവെന്നാണ് ആംനെസ്റ്റി ഇന്റർനാഷനൽ പറയുന്നത്. പ്രക്ഷോഭം ശമിപ്പിക്കുന്നതിന്റെ ഭാഗമായി മതപ്പൊലീസിന്റെ പ്രവർത്തനം നിർത്തി വച്ചിരുന്നു.