കഴിഞ്ഞ ഒരു വര്‍ഷം ഇറാനിലെ വധശിക്ഷകള്‍ ഭയാനകമാംവിധം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഇബ്രാഹിം റൈസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 25% വര്‍ധനവാണ് വധശിക്ഷയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. പ്രസിഡന്റ് റെയ്സിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള മാസമായ ജൂലൈയിലാണ് ഏറ്റവും കൂടുതല്‍ വധശിക്ഷകള്‍ നടന്നത്, 51 എണ്ണം.
നോര്‍വേ ആസ്ഥാനമായുള്ള ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സും ഫ്രാന്‍സ്സ് ടുഗെദര്‍ എഗെയ്ന്‍സ്റ്റ് ദ ഡെത്ത് പെനാല്‍റ്റിയും കണ്ടെത്തിയത് പ്രകാരം കുറഞ്ഞത് 333 പേരെ ഇക്കാലയളവില്‍ വധിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്കുള്ള വധശിക്ഷകളുടെ എണ്ണം 126 ആണ്. 2020 നെ അപേക്ഷിച്ച് ഇത് അഞ്ചിരട്ടി കൂടുതലാണ്.
ഒക്ടോബറില്‍, ഒരു യുഎന്‍ മനുഷ്യാവകാശ വിദഗ്ധന്‍ ഇറാനിലെ മിക്കവാറും എല്ലാ വധശിക്ഷകളും സ്വേച്ഛാപരമായ ജീവഹാനിയാണെന്ന് മുന്നറിയിപ്പ് നല്‍കുകയും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതിന്റെ പേരില്‍ വധശിക്ഷ നടപ്പാക്കുന്നത് അവസാനിപ്പിക്കാന്‍ രാജ്യത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇറാന്റെ ശിക്ഷാ നിയമപ്രകാരം, മയക്കുമരുന്ന് കടത്ത് പോലെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ആളുകളെ വധിക്കാന്‍ കഴിയും. ‘ദൈവത്തിനെതിരായ ശത്രുത’, ‘ഭൂമിയിലെ അഴിമതി’ എന്നിങ്ങനെയുള്ള അവ്യക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് വധശിക്ഷ നടപ്പാക്കുന്നത്. പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിനും മറ്റ് തരത്തിലുള്ള വിയോജിപ്പുകള്‍ േരഖപ്പെടുത്തുന്നതിനും തെളിവുകളുടെ അഭാവത്തില്‍ പോലും വ്യക്തികളെ വധശിക്ഷയ്ക്ക് വിധിക്കുന്നതായി യുഎന്‍ വിദഗ്ധന്‍ പറഞ്ഞു. .
വധശിക്ഷയും മറ്റ് കേസുകളും വിചാരണ ചെയ്യുന്ന ജഡ്ജിമാര്‍ കുറ്റം തെളിയിക്കാന്‍ പല പീഡനമുറകളും സ്വീകരിച്ച് നിര്‍ബന്ധിത കുറ്റസമ്മതമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017-ല്‍ ഇറാന്‍ മയക്കുമരുന്ന് വിരുദ്ധ നിയമം ഭേദഗതി ചെയ്തതിന് ശേഷം മയക്കുമരുന്നുമായി ബന്ധപ്പെട്ട വധശിക്ഷകളൊന്നും അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
കുട്ടികളായിരിക്കുമ്പോള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട രണ്ട് പുരുഷന്മാരെയും വധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. അവരില്‍ ഒരാളായ അര്‍മാന്‍ അബ്ദുലാലി, 2013-ല്‍ 17 വയസ്സുള്ളപ്പോള്‍ കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി, വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പുള്ള മാസങ്ങളില്‍ ഏഴ് തവണ തൂക്കുമരത്തിലേക്ക് കൊണ്ടുപോയി.
2015 ലെ ഇറാനിയന്‍ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള കരാറിന്റെ ഭാഗമായി ഇറാന്റെ വധശിക്ഷാ രേഖയും മറ്റ് മനുഷ്യാവകാശ ലംഘനങ്ങളും പരിഹരിക്കാന്‍ പാശ്ചാത്യ ശക്തികളോട് ഐഎച്ച്ആര്‍, ഇസിപിഎം ഡയറക്ടര്‍മാരായ മഹമൂദ് അമിരി-മൊഗദ്ദാം, റാഫേല്‍ ചെനുവില്‍-ഹസന്‍ എന്നിവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.