Monday, November 25, 2024

ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചാൽ കുടുംബത്തെ തടവിലാക്കും; ഫുട്‌ബോൾ താരങ്ങളെ ഭീഷണിപ്പെടുത്തി ഇറാൻ സർക്കാർ

ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ച ഇറാൻ ഫുട്‌ബോൾ താരങ്ങൾക്കെതിരെ ഭീഷണിയുമായി ഇറാൻ സർക്കാർ. യുഎസ്എയ്‌ക്കെതിരായ മത്സരത്തിൽ ഇറാന്റെ ദേശീയ ഗാനം ആലപിച്ചില്ലെങ്കിൽ താരങ്ങളുടെ കുടുംബാഗംങ്ങളെ ജയിലിലടയ്ക്കുമെന്നാണ് ഭരണകൂടത്തിന്റെ ഭീഷണി. പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നവംബർ 21 ന് ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിനു മുൻപ് ഇറാനിയൻ ദേശീയ ഗാനം ആലപിക്കാതെ താരങ്ങൾ മൗനം പാലിച്ചിരുന്നു.

പ്രീ മാച്ച് നിയമങ്ങൾക്ക് വിരുദ്ധമായി ദേശീയ ഗാനം ആലപിക്കാതെ ടെഹ്റാൻ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചാൽ കടുത്ത ശിക്ഷയും തടവും ലഭിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. യുഎസിനെതിരെ ജയിക്കുകയോ സമനില നേടുകയോ ചെയ്താൽ മാത്രമേ ഇറാന് നോക്കൗട്ട് സാധ്യതകൾ നിലനിർത്താൽ സാധിക്കൂ.

ഇറാനിലെ പ്രക്ഷോഭങ്ങൾക്കു പിന്നിൽ യുഎസ് ഉൾപ്പെടെയുള്ള വിദേശ ശത്രുക്കളാണെന്ന ആരോപണം ഭരണകൂടം ഉന്നയിച്ചിരുന്നു. രാജ്യത്തെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്സ അമിനി സെപ്റ്റംബർ 16-ന് മരിച്ചതിനെ തുടർന്നാണ് ഇറാനിൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഭരണകൂടത്തിനെതിരായ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.

എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച, വെയിൽസിനെതിരായ മത്സരത്തിന് മുന്നോടിയായി താരങ്ങൾ ദേശീയഗാനം ആലപിച്ചിരുന്നു. ഇറാന്റെ ലോകകപ്പ് ടീമിനെയും കോച്ചിംഗ് സ്റ്റാഫിനെയും നിരീക്ഷിക്കാൻ എആർജിസി ഓഫീസർമാരെ ചുമതലപ്പെടുത്തിയതായുംവിദേശികളുമായും, പുറത്തുള്ള ആളുകളുമായും ടീമംഗങ്ങൾ ഇടപഴകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായും സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

Latest News