Monday, November 25, 2024

ശിരോവസ്ത്ര നിയമം കർശനമാക്കി ഇറാൻ: ബില്ലിന് പാര്‍ലമെന്‍റിന്‍റെ അംഗീകാരം

പൊതുസ്ഥലത്ത് നിർബന്ധിത ഇസ്ലാമിക ശിരോവസ്ത്രം ധരിക്കാൻ വിസമ്മതിക്കുന്ന സ്ത്രീകള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന ബില്‍ ഇറാന്‍ പാര്‍ലമെന്‍റ് പാസാക്കി. ഗാർഡിയൻ കൗണ്സിലിന്റെ അംഗീകാരം കൂടി ലഭിച്ചാൽ വിവാദ ബിൽ നിയമമാകും. ഇറാനിലെ മതകാര പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട് മഹ്‌സ അമിനിയുടെ മരണത്തിന്റെ വാർഷികത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ബില്‍ പാസാക്കിയത്.

290 അംഗങ്ങളുള്ള പാർലമെന്റിൽ 152 പേരുടെ പിന്തുണയോടെയാണ് വിവാദ ബില്‍ പാസാക്കിയത്. നിലവില്‍ നിയമം അനുസരിക്കാത്തവർക്ക് 10 ദിവസം മുതല്‍ രണ്ട് മാസം വരെ തടവോ 5,000 മുതല്‍ 500,000 റിയാല്‍ വരെ പിഴയോ ലഭിക്കും. പൊതുസ്ഥലങ്ങളിൽ ‘അനുചിതമായി’ വസ്ത്രം ധരിക്കുന്നവർക്ക് പീനൽ കോഡ് അനുസരിച്ച് അഞ്ച് മുതൽ 10 വർഷം വരെ തടവും 180 ദശലക്ഷം മുതൽ 360 ദശലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ.

സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും നഗ്നത പ്രോത്സാഹിപ്പിക്കുന്നവർക്കും ഹിജാബിനെ പരിഹസിക്കുന്നവർക്കും ശിക്ഷ ബാധകമാണെന്ന് ബില്ലിൽ പറയുന്നു. വനിതാ ഡ്രൈവർമാരുള്ള വാഹനങ്ങളിൽ അവരോ മറ്റ് യാത്രക്കാരോ ഉചിതമായ വസ്ത്രം ധരിച്ചില്ലെങ്കിൽ, വാഹനങ്ങളുടെ ഉടമകൾക്ക് പിഴ ചുമത്താമെന്നും ബിൽ നിർദേശിക്കുന്നതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.

Latest News