Monday, November 25, 2024

ഇറാൻ പ്രതിഷേധം: ഫുട്ബോൾ താരം അലി കരീമിക്ക് യാത്രാ വിലക്ക്

അടുത്തിടെ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധത്തിനു പിന്തുണ നൽകിയ ഇറാൻ ഫുട്ബോൾ താരം അലി കരീമിക്കും ഭാര്യയ്ക്കും കുടുംബത്തിനും ഇറാൻ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നതായി വിവരം. ഇത് അടങ്ങിയ കത്ത് എദാലത്ത്-ഇ അലി (അലിയുടെ നീതി) എന്ന ഹാക്കിംഗ് ഗ്രൂപ്പ് ബിബിസിക്ക് കൈമാറി. സെപ്റ്റംബറിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾക്കെതിരായ മാരകമായ അടിച്ചമർത്തലിനെ രൂക്ഷമായി വിമർശിച്ച ആദ്യത്തെ സെലിബ്രിറ്റികളിൽ ഒരാളാണ് കരിമി.

ഏഷ്യയിലെ മറഡോണ എന്നറിയപ്പെടുന്ന ഈ ഫുട്ബോൾ താരം അന്ന് യുഎഇയിലായിരുന്നു താമസിച്ചിരുന്നത്. കരിമിയുടെ സമീപകാല പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ഭാര്യ സഹർ ദാവാരിയും അവളുടെ കുടുംബവും പ്രേരിപ്പിച്ചതാണ് എന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ രഹസ്യാന്വേഷണ വിഭാഗം ടെഹ്‌റാൻ പ്രോസിക്യൂട്ടറെ അറിയിച്ചു. ഇതേ തുടർന്ന് കരീമി, ദാവാരി, അവളുടെ അമ്മ, രണ്ടാനച്ഛൻ, സഹോദരൻ, സഹോദരി എന്നിവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണമെന്ന് റെവല്യൂഷണറി ഗാർഡ് രേഖയിൽ ആവശ്യപ്പെട്ടിരുന്നു. അവരിൽ ആരെങ്കിലും തിരിച്ചെത്തിയാൽ കരിമിയും ഭാര്യയും ഉൾപ്പെടെയുള്ളവരെ രാജ്യം വിടുന്നതിൽ നിന്ന് ഈ വിലക്ക് തടയും.

തന്റെ ജേഷ്ഠനെയും നിരവധി തവണ വിചാരണ ചെയ്യുകയും രാജ്യം വിടുന്നത് വിലക്കുകയും ചെയ്തതായി ബിബിസി പേർഷ്യന് നൽകിയ ഫോൺ അഭിമുഖത്തിൽ കരിമി പറഞ്ഞു. കൂടാതെ അദ്ദേഹത്തിൻറെ സുഹൃത്തിനെ പല പ്രാവശ്യം ചോദ്യം ചെയ്യുകയുകയും ചെയ്തു. താൻ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നവരെ ഇറാൻ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഇറാൻ വിടാൻ അവരിൽ ഒരാൾക്ക് ഡെപ്പോസിറ്റ് ജാമ്യവും ആവശ്യമാണ്,” അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest News