ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസിന്‍റെ കസ്റ്റഡിയില്‍വച്ച് മരണപ്പെട്ട മഹ്‌സ അമിനിയുടെ മരണവാർത്ത റിപ്പോർട്ട് ചെയ്ത രണ്ട് മാധ്യമ പ്രവർത്തകരെ ജയിലിലടച്ച് ഇറാൻ. മരണവാർത്ത റിപ്പോർട്ട് ചെയ്തതിനും അമേരിക്കൻ ഗവൺമെന്റുമായി സഹകരിച്ചതിനുമാണ് ഇറാനിലെ ഒരു കോടതി രണ്ട് വനിതാ മാധ്യമപ്രവർത്തകരെ തടവ് ശിക്ഷക്ക് വിധിച്ചത്. ഏഴ് വർഷമാണ് തടവ്.
നിലൗഫർ ഹമീദി, ഇലാഹേ മുഹമ്മദി എന്നീ മാധ്യമപ്രവർത്തകർക്കാണ് നിയമ നടപടി നേരിടേണ്ടി വന്നത്. ഇരുവരും ഒരു വർഷത്തിലേറെയായി തടവിലാണ്. ഇതിന് പിന്നാലെയാണ് പുതിയ കേസും. 20 ദിവസത്തിനകം അപ്പീൽ നൽകാവുന്ന പ്രാഥമിക ശിക്ഷയാണിത്. യെ മഹ്സയുടെ മരണവാർത്ത പുറത്തുവിട്ടതിനും, ഇലാഹേ മുഹമ്മദിയെ മഹ്സയുടെ ശവസംസ്കാര ചടങ്ങിനെക്കുറിച്ച് എഴുതിയതിനുമാണ് ശിക്ഷക്ക് വിധിച്ചത്.
ശത്രുവായ അമേരിക്കൻ സർക്കാരുമായി സഹകരിക്കുക, ദേശീയ സുരക്ഷയ്‌ക്കെതിരായ ഒത്തുകളി, സംവിധാനത്തിനെതിരായ പ്രചരണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ടെഹ്‌റാൻ റെവല്യൂഷണറി കോടതി ഇരുവരെയും ശിക്ഷിച്ചിരുക്കുന്നത്. ഹമീദി പരിഷ്‌കരണ പത്രമായ ഷാർഗിലും മുഹമ്മദി ഹം-മിഹാനിലും പ്രവർത്തിച്ചു. 2022 സെപ്തംബറിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സത്യത്തിനും ഉത്തരവാദിത്തത്തിനും വേണ്ടിയുള്ള അവരുടെ പ്രതിബദ്ധതയ്ക്ക് മെയ് മാസത്തിൽ, ഐക്യരാഷ്ട്രസഭ അവർക്ക് പത്രസ്വാതന്ത്ര്യത്തിനുള്ള പ്രധാന സമ്മാനം നൽകിയിരുന്നു.