ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനു പിന്നാലെ ലോകമെമ്പാടുമുള്ള തങ്ങളുടെ രഹസ്യസംഘങ്ങൾക്ക് ഇറാൻ പ്രത്യേക സന്ദേശം അയച്ചതായി സൂചന. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം പിടിച്ചെടുത്ത ഈ സന്ദേശം അതീവ രഹസ്യഭാഷയിലുള്ളതാണ്. വിവിധ രാജ്യങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഇറാന്റെ ചാരന്മാരെയും ആക്രമണകാരികളെയും ഉണർത്താനുള്ള നിർദേശമാണിതെന്ന് വിദഗ്ധർ സംശയിക്കുന്നു.
നിലവിൽ വ്യക്തമായ ഭീഷണികളൊന്നുമില്ലെങ്കിലും എല്ലാ സുരക്ഷാ ഏജൻസികളോടും അതീവജാഗ്രത പാലിക്കാൻ അമേരിക്ക നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ടെക്സാസിലും ടൊറന്റോയിലുമുണ്ടായ അക്രമസംഭവങ്ങൾ ഇത്തരത്തിലുള്ള രഹസ്യസംഘങ്ങളുടെ ഇടപെടലാണോ എന്ന് സംശയമുണ്ട്. അതേസമയം, ഇത്തരം സന്ദേശങ്ങൾ കൈമാറാൻ പുതിയ റേഡിയോനിലയങ്ങൾ പ്രത്യക്ഷപ്പെട്ടതും കാര്യങ്ങൾ കൂടുതൽ ഗൗരവകരമാക്കുന്നു.
തങ്ങളുടെ ആണവകേന്ദ്രങ്ങൾക്കു നേരെ ആക്രമണമുണ്ടായാൽ അമേരിക്കയിലുള്ള തങ്ങളുടെ രഹസ്യസംഘങ്ങളെ ഉണർത്തുമെന്ന് ഇറാൻ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിലെ യുദ്ധസാഹചര്യത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഭയപ്പെടുന്നു. ഈ സാഹചര്യത്തിൽ അന്താരാഷ്ട്രതലത്തിൽ സുരക്ഷാനിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

