Monday, December 23, 2024

വിവാദമായ പുതിയ ഡ്രസ് കോഡ് നിയമം റദ്ദാക്കി ഇറാൻ

വെള്ളിയാഴ്ച പ്രാബല്യത്തിൽ വരാനിരുന്ന വിവാദമായ ‘ഹിജാബ്, പവിത്രത നിയമം’ നടപ്പാക്കുന്നത് ഇറാന്റെ ദേശീയസുരക്ഷാ കൗൺസിൽ താൽക്കാലികമായി നിർത്തിവച്ചു. പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, നിയമനിർമാണത്തെ ‘അവ്യക്തവും പരിഷ്ക്കരണം ആവശ്യമുള്ളതും’ എന്ന് വിശേഷിപ്പിക്കുകയും അതിന്റെ നടപടികൾ പുനർനിർണ്ണയിക്കുന്നതിനായി മാറ്റിവയ്ക്കുകയും ചെയ്തു.

മുടി, കൈത്തണ്ട, കാലുകൾ എന്നിവ തുറന്നുകാട്ടുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും കർശനമായ ശിക്ഷകൾ നൽകുന്നതായിരുന്നു നിർദിഷ്ട പുതിയ നിയമം. ഈ നിയമത്തെ മനുഷ്യാവകാശ പ്രവർത്തകർ രൂക്ഷമായി വിമർശിച്ചിരുന്നു. ഇസ്ലാമിക റിപ്പബ്ലിക് ഓഫ് ഇറാനിലെ ഭരണാധികാരികൾ പതിറ്റാണ്ടുകളായി ദേശീയ സുരക്ഷാ മുൻഗണനയായി കണക്കാക്കപ്പെടുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഏർപ്പെടുത്തിയ കർശനമായ വസ്ത്രധാരണ നിയമങ്ങൾ മുൻപും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

പുതിയ നിയമപ്രകാരം, ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് പിടിക്കപ്പെടുന്ന കുറ്റവാളികൾക്കും നിയമങ്ങളെ പരിഹസിക്കുന്നവർക്കും കനത്ത പിഴയും 15 വർഷം വരെ തടവും നേരിടേണ്ടിവരും. നിയമങ്ങൾ ലംഘിക്കുന്ന ആരെയെങ്കിലും കണ്ടാൽ അവരെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർക്കു കൈമാറാനും പുതിയ നിയമം മറ്റുള്ളവരെ നിർബന്ധിക്കുന്നു.

ജൂലൈയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അന്നത്തെ സ്ഥാനാർഥി പെസെഷ്കിയാൻ, ഹിജാബ് വിഷയത്തിൽ ഇറാനിയൻ സ്ത്രീകളോടുള്ള പെരുമാറ്റത്തെ പരസ്യമായി വിമർശിച്ചു. അവരുടെ വ്യക്തിപരമായ ജീവിതത്തിൽ ഇടപെടില്ലെന്ന് അന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ഈ നിലപാട് നിരവധി ഇറാനികളിൽ, പ്രത്യേകിച്ച് സർക്കാരിന്റെ കർക്കശമായ നിയന്ത്രണത്തിൽ നിരാശരായ ഒരു യുവതലമുറയിൽ അൽപം ആശ്വാസം ജനിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News