ഡിസംബർ 4 ബുധനാഴ്ച, ഇറാനിയൻ അധികാരികൾ സമാധാനത്തിനുള്ള നോബൽ സമ്മാനജേതാവ് നർഗീസ് മുഹമ്മദിനെ ആരോഗ്യപരമായ കാരണങ്ങളാൽ മൂന്നാഴ്ചത്തേക്ക് ജയിലിൽനിന്ന് മോചിപ്പിച്ചു. ഈ നീക്കത്തെ പിന്തുണച്ചവർ നടപടി വളരെ വൈകി എന്നും പറയുകയും യു. എൻ. നിരുപാധികമായ സ്വാതന്ത്ര്യമായി ഈ മോചനത്തെ പരിവർത്തനം ചെയ്യേണ്ടതുണ്ടെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ആരോഗ്യപരമായ കാരണങ്ങളാലാണ് ഈ മോചനം. അതിനാൽതന്നെ നർഗീസിന് മൂന്നാഴ്ചകൾക്കുളിൽ തിരികെ ജയിലിലേക്ക് മടങ്ങേണ്ടതുണ്ട്. താൽകാലികമായ ഈ മോചനത്തിലൂടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ നർഗീസ് മുഹമ്മദിനു കഴിയും. കഴിഞ്ഞ രണ്ടുവർഷമായി കുടുംബാംഗങ്ങളുമായി സംസാരിക്കാൻ അധികാരികൾ ഇവരെ അനുവദിച്ചിരുന്നില്ല.
അവരുടെ ജയിൽശിക്ഷ മൂന്നാഴ്ചത്തേക്ക് താൽക്കാലികമായി നിർത്തിവച്ചതായും അവരെ മോചിപ്പിച്ചതായും അവരുടെ അഭിഭാഷകൻ മുസ്തഫ നീലി നേരത്തെ എക്സ്-ൽ പ്രഖ്യാപിച്ചിരുന്നു. നർഗീസ് മുഹമ്മദിന്റെ ശിക്ഷ 21 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുന്നത് അപര്യാപ്തമാണെന്ന് അവരുടെ അനുയായികളും പറയുന്നു. “നർഗീസ് മുഹമ്മദിനെ അടിയന്തിരമായും നിരുപാധികമായും മോചിപ്പിക്കുകയോ അല്ലെങ്കിൽ കുറഞ്ഞത് അവരുടെ അവധി മൂന്നുമാസമായി നീട്ടുകയോ ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു” – പ്രസ്താവനയിൽ അവർ ആവശ്യപ്പെട്ടു.
മോചിതയായതിനുശേഷം ഇസ്ലാമിക അധികാരികളെ പിടിച്ചുകുലുക്കിയ 2022-2023 ലെ പ്രതിഷേധപ്രസ്ഥാനത്തിന്റെ മുദ്രാവാക്യമായ ‘വുമൺ ലൈഫ് ഫ്രീഡം’ നർഗീസ് ഉറക്കെ വിളിച്ചുപറഞ്ഞതായി ഭർത്താവ് താഗി റഹ്മാനി പാരീസിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. മോചിതയായതിനുശേഷമുള്ള അവരുടെ ആദ്യ ചിത്രം അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തു. അതിൽ അവരുടെ വലതുകാൽ കട്ടിയിൽ കെട്ടിവച്ചിരുന്നതായി കാണപ്പെടുന്നു. 2022 സെപ്റ്റംബറിൽ കസ്റ്റഡിമരണ പ്രതിഷേധത്തിനു കാരണമായ 22 കാരിയായ ഇറാനിയൻ വനിതയായ മഹ്സ അമിനിയുടെ ചിത്രം നർഗീസ് കൈയിൽ പിടിച്ചിരുന്നു.