ഇസ്മയില്‍ ഹനിയ്യയുടെ കൊലപാതകത്തിന് പകരമായി തിരിച്ചടിയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ഇറാന്‍. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ നിഷ്‌ക്രിയത്വത്തിനിടയില്‍ രാജ്യത്തിനെതിരായ കൂടുതല്‍ ആക്രമണങ്ങള്‍ തടയാന്‍ ഇത് അത്യാവശ്യമാണെന്നും ഇറാന്‍ വ്യക്തമാക്കി.
ഇറാന്റെ പരമാധികാരം, പൗരന്‍മാര്‍, ഭൂപ്രദേശം എന്നിവ സംരക്ഷിക്കുന്നതിന് തിരിച്ചടി അനിവാര്യമായിരിക്കുകയാണ്. ഉചിതമായ സമയത്ത് ഉചിതമായ രീതിയില്‍ തിരിച്ചടിയുണ്ടാവുമെന്നും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്റെ അടിയന്തര യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ഇറാന്റെ ആക്ടിങ് വിദേശകാര്യമന്ത്രി അലി ബാകേരിയാണ് അറിയിച്ചു. മേഖലയില്‍ കൂടുതല്‍ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാവുന്നത് തടയാന്‍ ഇറാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍, ഇപ്പോള്‍ തങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലാതായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മാസങ്ങളായി ഗാസയില്‍ തുടരുന്ന വംശഹത്യയും ഹനിയ്യയുടെ വധവും സയണിസ്റ്റ് രാഷ്ട്രം മേഖലയില്‍ നടത്തുന്ന തീവ്രവാദ കുറ്റകൃതങ്ങള്‍ക്ക് ഉദാഹരണമാണ്. ഹനിയ്യയുടെ വധം ഇറാന്റെ പരമാധികാരത്തിന്റെയും ലംഘനമാണ്. ഇത് മേഖലയുടേയും ലോകത്തിന്റേയും സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണ്. അന്താരാഷ്ട്ര നിയമങ്ങളുടേയും യു.എന്‍ ചാര്‍ട്ടറിന്റേയും നഗ്‌നമായ ലംഘനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു ഭയാനകമായ കുറ്റകൃത്യത്തിന്റെ സാഹചര്യത്തില്‍ യു.എന്‍ സെക്യരൂറ്റി കൗണ്‍സില്‍ ഉത്തരവാദിത്തം നിറവേറ്റണമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ യു.എന്‍ സ്വീകരിക്കണം.
ഇസ്രായേലിനെ പിന്തുണക്കുന്ന രാജ്യമെന്ന നിലയില്‍ കുറ്റകൃത്യത്തില്‍ യു.എസിന്റെ പങ്ക് വിസ്മരിക്കരുത്. യു.എസിന്റെ സമ്മതവും പിന്തുണയും ഇല്ലാതെ ഇത്തരമൊരു കുറ്റകൃത്യം നടപ്പാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.