ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നെന്ന സൂചന നല്‍കി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ചില സാഹചര്യങ്ങളില്‍ ശത്രുവുമായി ഇടപഴകുന്നതില്‍ തെറ്റില്ലെന്ന് ഖമനേയി തന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അറിയിച്ചു.
ശത്രുക്കളില്‍ പ്രതീക്ഷ അര്‍പ്പിക്കരുതെന്ന മുന്നറിയിപ്പ് പരിഷ്‌കരണവാദിയായ പ്രസിഡന്റ് മസൂദ് പെസഷ്‌ക്വാന് നല്‍കാനും ഖമനേയി മറന്നില്ല. 2018ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറുകയായിരുന്നു.
സമീപ വര്‍ഷങ്ങളില്‍ ഒമാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഇറാനും അമേരിക്കയുമായി പരോക്ഷ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഖത്തര്‍ പ്രധാനമന്ത്രി ഇറാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഖമേനിയുടെ പ്രതികരണമുണ്ടായത്.