ഇറാനിൽ സുരക്ഷാ സേന സെലിബ്രിറ്റി ഷെഫിനെ അടിച്ചു കൊലപ്പെടുത്തി. ‘ജാമിയ ഒലിവർ’ എന്ന് അറിയപ്പെടുന്ന മെർഷാദ് ഷാഹിദിയെ ആണ് സുരക്ഷാ സേന കൊലപ്പെടുത്തിയത്. മെർഷാദിന്റെ മരണത്തോടെ ഇറാനിൽ വീണ്ടും പ്രതിഷേധം രൂക്ഷമായി.
ഷാഹിദിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ശനിയാഴ്ച രാത്രിയിൽ എത്തിയ പതിനായിരക്കണക്കിന് ആളുകൾ റോഡുകൾ ഉപരോധിച്ചു. പത്തൊൻപതു വയസ്സുകാരനായ മെർഷാദ് ഷാഹിദി ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഇറാൻ സുരക്ഷാ സേന ക്രൂരമായി മർദ്ദിക്കുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. കസ്റ്റഡിയിലിരിക്കെയാണ് മെർഷാദിന്റെ മരണം.
തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. എന്നാൽ ഹൃദയസ്തംഭനം മൂലമാണ് ഷാഹിദി മരിച്ചതെന്ന് പറയാൻ സുരക്ഷാ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയതായി ഷാഹിദിയുടെ കുടുംബം അറിയിച്ചു. ഷാഹിദിയുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇറാൻ അധികൃതർ തയ്യാറായിട്ടില്ല. ഈ കൊലപാതകത്തോടെ പൊലീസിനും അധികൃതർക്കുമെതിരെ കനത്ത പ്രതിഷേധമാണ് ഇറാനിൽ അരങ്ങേറുന്നത്.