ഹിജാബിനെതിരെ ഇറാനില്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ തുടരുമ്പോഴും ഹിജാബിന്റെ പേരിലുള്ള അനീതി രാജ്യത്ത് തുടരുന്നു. ഹിജാബ് ധരിക്കാതെ അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുത്ത ഇറാന് ചെസ്സ് താരം സാറാ ഖാദമിനെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ഇറാന് വിലക്കേര്‍പ്പെടുത്തി. കസാക്കിസ്ഥാനില്‍ നടന്ന ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ ഹിജാബ് ധരിക്കാതെ മത്സരിച്ച സാറ ഖഡെമിനോട് മടങ്ങിവരരുതെന്നാണ് ഭരണകൂടം പറഞ്ഞത്.
ഫിഡെ വേള്‍ഡ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യന്‍ഷിപ്പിലാണ് സാറ ഹിജാബ് ധരിക്കാതെ മത്സരിച്ചത്. ടൂര്‍ണമെന്റിന് ശേഷം ഇറാനിലേക്ക് മടങ്ങരുതെന്ന് ഭീഷണിപ്പെടുത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ഒന്നിലധികം ഫോണ്‍ കോളുകള്‍ സാറാ ഖാദമിന് ലഭിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാനിലുള്ള സാറാ ഖാദമിന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും, താരം സ്പെയിനില്‍ എത്തിയപ്പോള്‍ തന്റെ ഹോട്ടല്‍ മുറിക്ക് പുറത്ത് നാല് അംഗരക്ഷകരെ താമസിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.