Tuesday, November 26, 2024

ഹിജാബിനെതിരെ ഇറാന്‍ ഫുട്‌ബോള്‍ ടീം; ജേഴ്‌സികള്‍ കറുത്ത ജാക്കറ്റില്‍ പൊതിഞ്ഞ് പ്രതിഷേധം

ഇറാനില്‍, മതനിയമങ്ങള്‍ക്കെതിരെ പോരാടുന്ന വനിതകള്‍ക്ക് പിന്തുണയുമായി ഇറാന്റെ ദേശീയ ഫുട്‌ബോള്‍ ടീം രംഗത്തെത്തി. സെനഗലിനും ഓസ്ട്രിയക്കും എതിരായ മത്സരങ്ങളില്‍, ടീം ജേഴ്‌സിക്ക് മുകളില്‍ കറുത്ത ജാക്കറ്റ് ധരിച്ചായിരുന്നു ഹിജാബ് വിരുദ്ധ സമരങ്ങള്‍ക്ക് ഇറാന്‍ പുരുഷ ഫുട്‌ബോള്‍ ടീം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ടീഷര്‍ട്ടുകള്‍ക്ക് മുകളില്‍ കറുത്ത ജാക്കറ്റുകള്‍ ധരിച്ചു നില്‍ക്കുന്ന ഇറാന്‍ ഫുട്‌ബോള്‍ ടീമിന്റെ ദൃശ്യങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് കായിക ലോകവും അന്താരാഷ്ട്ര മാദ്ധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി ഇറാന്‍ ഫുട്‌ബോള്‍ താരം സര്‍ദാര്‍ അസ്മൂന്‍ സാമൂഹിക മാദ്ധ്യമത്തില്‍ പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു.

ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ് ഇത്. ഹിജാബ് ബഹിഷ്‌കരണം പ്രഖ്യാപിച്ച വനിതാ സംഘടനകള്‍ക്ക് വിവിധ കോണുകളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഹിജാബ് ധരിക്കാത്തതിന് 21 വയസ്സുകാരിയായ മെഹ്‌സാ അമീനിയെ സദാചാര പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ്, ഇസ്ലാമിക മതനിയമങ്ങള്‍ കര്‍ശനമായി നിലനില്‍ക്കുന്ന ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പുതിയ മാനം കൈവന്നിരിക്കുന്നത്.

 

 

Latest News