ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ നിന്നും ഇറാൻ ദേശീയ ടീമിന്റെ പുറത്താകൽ ആഘോഷിച്ച യുവാവിനെ വെടിവച്ചു കൊന്നു. ഇറാനിൽ ഭരണ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് 27 കാരനായ മെഹ്റാൻ സമകിനെ ഇറാനിയൻ സേന വെടിവച്ചു കൊലപ്പെടുത്തുന്നത്. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ലോകകപ്പ് വേദിയിൽ ഉൾപ്പെടെ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടെയാണ് ദാരുണമായ ഈ സംഭവം.
ടെഹ്റാന്റെ വടക്ക്-പടിഞ്ഞാറ് കാസ്പിയൻ കടൽ തീരത്തുള്ള ബന്ദർ അൻസാലി എന്ന നഗരത്തിലാണ് മെഹ്റാൻ സമക് വെടിയേറ്റ് മരിച്ചത്. അമേരിക്കക്കെതിരായ ദേശീയ ടീമിന്റെ തോൽവിയെ ഭരണകൂടത്തിനെതിരായ പ്രതീകാത്മക വിജയമായി കണ്ട് ഇറാനികൾ ആഘോഷിച്ചിരുന്നു. ആഘോഷത്തിൽ കാറിന്റെ ഹോൺ മുഴക്കിയ മെഹ്റാന് നേരെ സുരക്ഷാ സേന വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് ഓസ്ലോ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്സ് (ഐഎച്ച്ആർ) സംഘടന വ്യക്തമാക്കി.
കൊല്ലപ്പെട്ട മെഹ്റാൻ സമകിനെ അനുസ്മരിച്ച് ഇറാനിയൻ ഇന്റർനാഷണൽ സയിദ് ഇസതോലാഹി രംഗത്തെത്തി. യുഎസിന് എതിരായ മത്സരത്തിന് പിന്നാലെയായിരുന്നു മിഡ്ഫീൽഡർ താരത്തിന്റെ പ്രതികരണം. ഒരു യൂത്ത് ഫുട്ബോൾ ടീമിൽ അവർ ഒരുമിച്ച് നിൽക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു പ്രതികരണം.