ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ മെട്രോ ട്രെയിനിൽ മത പോലീസ് മർദ്ദിച്ച പതിനാറുകാരി മരിച്ചു. പോലീസിന്റെ മർദ്ദനത്തിൽ മാരകമായി പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന അർമിത ഗൊരാവന്ദ് എന്ന പെൺകുട്ടിയാണ് മരണമടഞ്ഞത്. ഈ മാസം ഒന്നിന് അർമിത മെട്രോയിൽ കൂട്ടുകാരികൾക്കൊപ്പം സഞ്ചരിക്കുന്നതിനിടയിലാണ് സംഭവമുണ്ടായത്.
മാരകമായ പരിക്കേറ്റ പെൺകുട്ടിക്ക് കഴിഞ്ഞ ആഴ്ച മസ്തിഷ്കമരണം സ്ഥിരീകരിച്ചിരുന്നു. അതേസമയം മത പോലീസ് കയ്യേറ്റം ചെയ്തെന്ന ആരോപണം ഇറാൻ നിഷേധിച്ചു. അർമിതയ്ക്ക് തലയ്ക്കു പരുക്കേറ്റത് എങ്ങനെയാണെന്ന് കണ്ടെത്തുവാനും കഴിഞ്ഞിട്ടില്ല. രക്തസമ്മർദം കൂടിയതുമൂലമോ വീണതിനാലോ ആവാം ക്ഷതമുണ്ടായതെന്ന് അർമിതയുടെ മാതാപിതാക്കൾ വെളിപ്പെടുത്തുന്നു.
ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ കസ്റ്റഡിയിൽ എടുത്ത കുർദ് യുവതി മഹ്സ അമിനി (22) 2022 സെപ്റ്റംബറിൽ മരിച്ചതിനെ തുടർന്ന് ഇറാനിൽ സ്ത്രീകളുടെ നേതൃത്വത്തിൽ മാസങ്ങളോളം കനത്ത പ്രക്ഷോഭം നടന്നിരുന്നു. മത പോലീസിന്റെ കസ്റ്റഡിയിൽ ആയിരിക്കെ മരണമടഞ്ഞ അമിനിക്കും മസ്തിഷ്കമരണം ആയിരുന്നു സംഭവിച്ചത്.