സ്വന്തം രാജ്യത്ത് ബോംബുകൾ വീഴുന്നത് എന്തിനാണ് ആഘോഷിക്കുന്നത്? ഇറാനിലെ നിലവിലെ സ്ഥിതി ലോകം ചർച്ചയാക്കുമ്പോൾ ഇത് അല്പം വിചിത്രമായി നമുക്ക് തോന്നാം. എന്നാൽ ഇതുപോലുള്ള പൗരൻമാരുടെ പ്രതികരണം കുറച്ചധികം ആഴത്തിലുള്ള ഒന്നിനെ പ്രതിഫലിപ്പിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഇറാനിയൻ ജനതയുടെ പതിറ്റാണ്ടുകളായുള്ള അടിച്ചമർത്തലാണ് ഇതിനുള്ള കാരണം എന്നാണ് ട്രോമാ സ്പെഷ്യലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തിനകത്തുള്ള പലർക്കും, ബോംബുകളല്ല, ഭരണകൂടം തന്നെയാണ് അവരുടെ ജീവന് ഏറ്റവും അടിയന്തര ഭീഷണിയായി മാറിയിരിക്കുന്നത്.
ഇറാനിയൻ വംശജയായ നടിയും നിർമ്മാതാവുമായ താര ഗ്രാമിയുടെ വൈറലായ ഇൻസ്റ്റാഗ്രാം റീലിന് ശേഷമാണ് ഈ ചർച്ച ലോകശ്രദ്ധ നേടിയത്. ഇറാനിലെ ഒരു സുഹൃത്ത് അവരുടെ തെറാപ്പിസ്റ്റുമായി നടത്തിയ സംഭാഷണം ഗ്രാമി വിവരിക്കുന്നു. ഗ്രാമി പറയുന്നതനുസരിച്ച്, ടെഹ്‌റാനിൽ ബോംബുകൾ പതിക്കുന്നതിന്റെ ശബ്ദം തങ്ങൾ ആഘോഷിച്ചതായി അവളുടെ സുഹൃത്ത് സമ്മതിച്ചു – അത് അവരെ പോലും അത്ഭുതപ്പെടുത്തി. നിരവധി ഇറാനികൾ ഇതിനകം സോഷ്യൽ മീഡിയയിൽ പ്രകടിപ്പിച്ചത് ഇതേ കാര്യം തന്നെയായിരുന്നു.
“ഇസ്ലാമിക് റിപ്പബ്ലിക്കിന് കീഴിൽ അറസ്റ്റ്, ജയിൽവാസം, വധശിക്ഷ, സദാചാര പോലീസ്, നിരന്തരമായ നിരീക്ഷണം തുടങ്ങിയ ഭീഷണികൾക്കിടയിൽ ജീവിക്കുമ്പോൾ നിങ്ങളുടെ തലച്ചോറ് ആ ഭയത്തിന് കീഴടങ്ങുന്നു. പ്രതിഷേധിച്ചതിന്റെ പേരിൽ ആളുകൾ അപ്രത്യക്ഷരാകുന്നത് പതിവാകുമ്പോൾ, നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്ന ആ യഥാർത്ഥ ഭയത്തെ ഭയപ്പെടാൻ മനസ്സ് ശീലിക്കുന്നു,” ഗ്രാമി വീഡിയോയിൽ പറഞ്ഞു.
“മനഃശാസ്ത്രജ്ഞർ ഇതിനെ സാധാരണവൽക്കരണ ഭീഷണി എന്ന് വിളിക്കുന്നു.” ദീർഘകാല അടിച്ചമർത്തലിനു വിധേയരായ ആളുകൾക്ക്, യുദ്ധം പോലുള്ള ഒരു ബാഹ്യ ഭീഷണിയെ അല്ല, മറിച്ച് അവരുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്ന അധികാരത്തെ ആയിരുന്നു ഏറ്റവും വലിയ അപകടമായി കണ്ടത്.
പ്രതികരണം നന്നായി മനസ്സിലാക്കാൻ, രാഷ്ട്രീയ അടിച്ചമർത്തലും ആഘാതവും ബാധിച്ച ഇറാനികളുമായി പ്രവർത്തിക്കുന്ന രണ്ട് തെറാപ്പിസ്റ്റുകളുമായി ഇറാൻ ഇന്റർനാഷണൽ പത്രം സംസാരിച്ച റിപ്പോർട്ട് അവർ പുറത്തുവിട്ടു.
ഇറാനിലെ രാഷ്ട്രീയ തടവുകാരുമായി സമ്പർക്കം പുലർത്തുന്ന ഒരു എൻജിഒയും ഇറാൻ ഹൗസിന്റെ സ്ഥാപകനുമായ ക്ലിനിക്കൽ സൈക്കോതെറാപ്പിസ്റ്റ് അസദെ അഫ്സാഹി, ഓൺലൈനിൽ കാണുന്ന പല പ്രതികരണങ്ങളും നിരവധി ഇറാനികൾ അനുഭവിച്ച കഷ്ടപ്പാടുകളുടെ ആഴം തിരിച്ചറിയാതെ അതിനെക്കുറിച്ചു മനസ്സിലാക്കാൻ കഴിയില്ലെന്ന് പറഞ്ഞു.
“നമ്മൾ നോക്കേണ്ടത് വലിയ ചിത്രമാണെന്ന് ഞാൻ കരുതുന്നു: ലോകം മുഴുവൻ ഭയപ്പെടുന്ന ഒരു കാര്യം അതായത് ബോംബുകളെ – ഒരു രാഷ്ട്രം ആഘോഷിക്കുന്നത് എന്തുകൊണ്ടാണ്?. അവർക്ക് ബോംബ് ഒരു വിമോചനത്തിന്റെ രൂപമായി തോന്നാം. അത് എത്ര സങ്കടകരമാണെന്ന് തോന്നുമെങ്കിലും. 47 വർഷമായി ഒരു സഹായവുമില്ലാതെ അവർ അടിച്ചമർത്തലിൽ ജീവിക്കുന്നു.” അഫ്സാഹി പറയുന്നു.
സംഘർഷവുമായി ബന്ധപ്പെട്ട അപകടസാധ്യതകളും ജീവഹാനിയും പല ഇറാനികൾക്കും മനസ്സിലാകുന്നുണ്ടെന്ന് അഫ്സാഹി പറഞ്ഞു. എന്നാൽ ചിലർക്ക്, ഇസ്ലാമിക് റിപ്പബ്ലിക് ഇല്ലാതാകാനുള്ള സാധ്യതയെ ഓർക്കുമ്പോൾ ആ ഭയങ്ങളെ അവർ മറികടക്കുന്നു.
ഇറാനിൽ നിന്ന് തനിക്ക് ലഭിച്ച പല സന്ദേശങ്ങളും ഭയം, ഉത്കണ്ഠ, പുതുക്കിയ പ്രതീക്ഷ എന്നിവയുടെ മിശ്രിതമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അഫ്സാഹി പറയുന്നു. പ്രതിഷേധങ്ങൾക്കിടെ അടുത്തിടെയുണ്ടായ അടിച്ചമർത്തലുകൾക്കും കൂട്ടക്കൊലകൾക്കും ശേഷം, നിരവധി ഇറാനികൾ വിഷാദത്തിലേയ്ക്ക് വീണുപോയതായി അവർ പറഞ്ഞു.
പതിറ്റാണ്ടുകളുടെ അടിച്ചമർത്തൽ മൂലം നിരവധി ഇറാനികൾക്ക് സങ്കീർണ്ണമായ ആഘാതങ്ങളോടെയാണ് ജീവിച്ചതെന്നു മറ്റൊരു ട്രോമ കൗൺസിലറായ ഫർനാസ് ഫറോഖി-ഹോംസ് പറഞ്ഞു. അക്രമത്തിനും ഭയത്തിനും ദീർഘകാലയളവ് വിധേയമാകുന്നത് മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണിത്.
“ബോംബുകളെ ഇനി പ്രാഥമിക ഭീഷണിയായി കാണുന്നില്ല. ആസന്നമായ ഭീഷണി ഇസ്ലാമിക് റിപ്പബ്ലിക്ക് ആണ്. പ്രത്യേകിച്ച് അതിന്റെ നിലനിൽപ്പും തുടർച്ചയായ ശക്തിയും. 2026 ജനുവരിയിലെ പ്രതിഷേധ അടിച്ചമർത്തലുകളെ അതിജീവിച്ച് സുരക്ഷാ സേന പ്രകടനക്കാരെ വെടിവയ്ക്കുന്നത് കണ്ട് രാജ്യം വിട്ട ഒരു ഇറാനിയൻ യുവതിക്ക് താൻ ഇപ്പോൾ പ്രോ ബോണോ കൗൺസിലിംഗ് നൽകുകയാണ്.” ഫറോഖി-ഹോംസ് പറയുന്നു.
പല ഇറാനികളും അനുഭവിക്കുന്ന ആഘാതം പുറത്തുനിന്നുള്ളവർക്ക് പൂർണ്ണമായി മനസ്സിലാക്കാൻ പ്രയാസമാണെന്ന് അവർ പറഞ്ഞു. മുന്നറിയിപ്പില്ലാതെ അറസ്റ്റുകൾ, അക്രമം, വധശിക്ഷകൾ എന്നിവ സംഭവിക്കാവുന്ന ഒരു വ്യവസ്ഥിതിയിൽ ആരെങ്കിലും ജീവിച്ചിട്ടില്ലെങ്കിൽ, അതിന്റെ മാനസിക പ്രതികരണം മനസ്സിലാക്കാൻ പ്രയാസമായിരിക്കും.
ഇറാനിലെ പ്രതികരണങ്ങൾ ഇപ്പോഴും സങ്കീർണ്ണമായി തുടരുന്നുവെന്ന് രണ്ട് തെറാപ്പിസ്റ്റുകളും ഊന്നിപ്പറഞ്ഞു. പലരും ഭയപ്പെടുന്നു. പലരും ദുഃഖിക്കുന്നു. എന്നാൽ ചിലർക്ക് വർഷങ്ങളായി ഇല്ലാത്ത എന്തോ ഒന്ന് അനുഭവപ്പെടുന്നുണ്ടെന്ന് അവർ പറയുന്നു: പ്രതീക്ഷ!
അഫ്സാഹി ചൂണ്ടിക്കാണിച്ചതുപോലെ, ഭൂരിഭാഗം ഇറാനികളും യുദ്ധത്തെ ഒരു ആഘോഷമായല്ല കാണുന്നത്. മറിച്ച്, ദശാബ്ദങ്ങൾ നീണ്ട അടിച്ചമർത്തലുകളിൽ നിന്ന് ഒടുവിൽ മോചനം ലഭിക്കാനുള്ള ഒരു സാധ്യതയെയാണ് അവർ ഉറ്റുനോക്കുന്നത്. “അവർ യുദ്ധം കണ്ട് സന്തോഷിക്കുകയല്ല; മറിച്ച്, സ്വതന്ത്രരാകാനുള്ള അവസരം തെളിയുന്നതിലാണ് അവർ ആശ്വാസം കണ്ടെത്തുന്നത്!”

