Monday, November 25, 2024

ഇറാഖില്‍ സര്‍ക്കാര്‍ ആസ്ഥാനം ഉപരോധിച്ച് സദര്‍ അനുയായികള്‍

ഇറാഖിലെ ജനകീയ ഷിയ നേതാവ് മുഖ്തദ അല്‍ സദര്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായും രാഷ്ട്രീയ പാര്‍ട്ടി പിരിച്ചുവിടുന്നതായും പ്രഖ്യാപിച്ചതിനു പിന്നാലെ അനുയായികള്‍ തെരുവിലിറങ്ങി. പ്രതിഷേധക്കാര്‍ ഇറാഖ് സര്‍ക്കാര്‍ ആസ്ഥാന മന്ദിരത്തിലേക്ക് അതിക്രമിച്ചു കയറിയതോടെ കാവല്‍ പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ യോഗം തടസപ്പെട്ടു. സുരക്ഷാസേനയുമായുണ്ടായ സംഘര്‍ഷത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു.

ഇറാന്‍ അനുകൂലികള്‍ സര്‍ക്കാരുണ്ടാക്കുന്നതിനെ എതിര്‍ത്തും ഇടക്കാല തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടും അല്‍ സദറിന്റെ അനുയായികള്‍ കഴിഞ്ഞമാസം പാര്‍ലമെന്റ് മന്ദിരത്തില്‍ കയറി പ്രതിഷേധിച്ചിരുന്നു.

ഇന്നലെ സര്‍ക്കാര്‍ ആസ്ഥാന മന്ദിരത്തിലേക്ക് ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവേശിച്ച പ്രതിഷേധക്കാരെ പട്ടാളം ഇറങ്ങിയാണ് നീക്കിയത്. തെരുവു പ്രതിഷേധം തുടരുന്നതിനാല്‍ രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

താന്‍ രാഷ്ട്രീയം വിടുകയാണെന്നും പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടണമെന്നും വ്യക്തമാക്കി ഇന്നലെയാണ് അല്‍ സദര്‍ ട്വീറ്റ് ചെയ്തത്. ഇറാഖിലെ ഷിയാ സമൂഹത്തിന്റെ ആത്മീയ നേതാവായ ആയത്തുല്ല ഖാദിം അല്‍ ഹൈരി, മതനേതൃത്വം ഒഴിയുന്നതായും അനുയായികളോട് ഇറാനിലെ ആയത്തുല്ല അലി ഖമനയിയെ പിന്തുണയ്ക്കണമെന്നും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഇറാഖിലെ വിശുദ്ധ നഗരമായ നജാഫിലെ ഷിയാ ആത്മീയകേന്ദ്രത്തെ തള്ളിയ ഈ നടപടി അല്‍ സദറിന് തിരിച്ചടിയായിരുന്നു. തുടര്‍ന്നാണ് രാഷ്ട്രീയം വിടുന്നുവെന്ന പ്രഖ്യാപനം വന്നത്.

Latest News