പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഒന്‍പത് വയസ്സാക്കി കുറയ്ക്കാനൊരുങ്ങി ഇറാഖ്. ദേശീയ പാര്‍ലമെന്റില്‍ നിയമ ഭേദഗതി വൈകാതെ അവതരിപ്പിക്കുമെന്നാണ് സൂചന. ഇറാഖ് നീതിന്യായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവാദ ഭേദഗതി നിയമം അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വ്യക്തിഗത നിയമത്തില്‍ ഭേദഗതി വരുത്താനാണ് നീക്കം. വിവാഹ പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ കഴിഞ്ഞ ജൂലൈയില്‍ കൊണ്ടുവന്നിരുന്നെങ്കിലും പിന്നീടിത് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഷിയ ഗ്രൂപ്പുകളുടെ പിന്തുണ ലഭിച്ചതോടെ ഓഗസ്റ്റ് 4ന് ഭേദഗതി ബില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ വീണ്ടും സമര്‍പ്പിക്കുകയായിരുന്നു. നിലവില്‍ 18 വയസാണ് ഇറാഖില്‍ പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം.
ഭേദഗതി നടപ്പാക്കി കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 9 വയസ്സും ആണ്‍കുട്ടികളുടേത് 15 വയസ്സും ആയി മാറും. കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സമുദായ സംഘടയെയോ നീതിന്യായ വ്യവസ്ഥയെയോ പൗരന്‍മാര്‍ക്ക് തിരഞ്ഞെടുക്കാമെന്നും ഭേദഗതി ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതേസമയം വിവാദ നിയമ ഭേദഗതിക്കെതിരെ രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ് വാച്ച് രംഗത്തെത്തിയിട്ടുണ്ട്. നിയമഭേദഗതി ഇറാഖിനെ പിറകോട്ട് നയിക്കുമെന്ന് ഹ്യുമന്‍ റൈറ്റ് വാച്ച് ഗവേഷകയായ സാറാ സാന്‍ബാര്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പ്രതികരിച്ചു.
നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നിരവധി ബാലവിവാഹങ്ങളാണ് ഇറാഖില്‍ ഓരോ വര്‍ഷവും സംഭവിക്കുന്നതെന്നാണ് ഹ്യൂമന്‍ റൈറ്റ് വാച്ച് പറയുന്നത്. രാജ്യത്തെ 28 ശതമാനത്തോളം പെണ്‍കുട്ടികളും 18 വയസ്സാകുന്നതിനു മുന്‍പേ വിവാഹിതരാകുന്നുണ്ടെന്നാണ് യൂനിസെഫ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിവയെ നിയമഭേദഗതി പ്രതികൂലമായി ബാധിക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകളും വനിതാ സംഘടനകളും മുന്നറിയിപ്പ് നല്‍കുന്നത്.