Sunday, November 24, 2024

ഇറാഖില്‍ വിവാഹചടങ്ങിനിടെയുണ്ടായ തീപിടിത്തം: സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തല്‍

വടക്കന്‍ ഇറാഖില്‍ വിവാഹചടങ്ങിനിടെയുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് 14 പേര്‍ അറസ്റ്റില്‍. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ഓഡിറ്റോറിയം ഉടമകള്‍ ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. വിഷയത്തില്‍ സർക്കാർ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.

വിവാഹചടങ്ങ് നടന്ന ഹാളിന്റെ നിര്‍മ്മാണം അശാസ്ത്രീയമാണെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. തീപിടിച്ച് നിമിഷങ്ങള്‍ക്കകം മേല്‍ക്കൂര തകര്‍ന്നുവീണിരുന്നു. ഇതിനു കാരണം വളരെവേഗം തീപിടിക്കുന്നതും ഗുണമേന്മയില്ലാത്തതുമായ സാധനസാമഗ്രികളാണ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നതിനാലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. തീപിടുത്തം തടയാനുള്ള എക്‌സിറ്റിങ്ഗ്യൂഷര്‍ അടക്കമുള്ള സുരക്ഷാമാനദണ്ഡങ്ങൾ ഹാളിലുണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്. അന്വേഷണത്തില്‍ കണ്ടെത്തിയ വിവരം 72 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇറാഖിലെ ഖരാഖോഷില്‍ ചൊവ്വാഴ്ചയാണ് വധുവരന്മാരടക്കം 114 പേര്‍ കൊല്ലപ്പെട്ട തീപിടിത്തമുണ്ടായത്. 1,300 ആളുകള്‍ പങ്കെടുത്ത വിവാഹചടങ്ങില്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നായിരുന്നു തീപിടിത്തമുണ്ടായത്. പടക്കങ്ങള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് അലങ്കാരവസ്തുക്കളിലേക്ക് തീ പടരുകയും ഹാളിലുണ്ടായിരുന്ന ആളുകളുടെമേല്‍ സീലിംഗ് തകര്‍ന്നുവീഴുകയുമായിരുന്നു.

Latest News