ഇസ്ലാമിക് സ്റ്റേറ്റിന്റെ വധിക്കപ്പെട്ട തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യക്ക് ഇറാക്കി കോടതി വധശിക്ഷ വിധിച്ചു. ഐഎസ് ഭീകരര്‍ പിടികൂടിയ യസീദി വനിതയ്‌ക്കെതിരെ നടത്തിയ കുറ്റകൃത്യങ്ങളില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന് കോടതി കണ്ടെത്തി.
ഇറാക്കി വൃത്തങ്ങള്‍ ഇവരുടെ പേര് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും അസ്മ മുഹമ്മദ് എന്നാണെന്നു ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2018ല്‍ തുര്‍ക്കിയില്‍ അറസ്റ്റിലായ അസ്മയെ കഴിഞ്ഞവര്‍ഷം ഇറാക്കിനു കൈമാറുകയായിരുന്നു.
ഇറാക്കും സിറിയയും അടക്കമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി 2014ല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖലീഫാ സാമ്രാജ്യം പ്രഖ്യാപിച്ച അബൂബക്കര്‍ ബാഗ്ദാദി 2019ല്‍ അമേരിക്ക സിറിയയില്‍ നടത്തിയ റെയ്ഡില്‍ കൊല്ലപ്പെടുകയായിരുന്നു. 2014ല്‍ വടക്കന്‍ ഇറാക്കിലെ യസീദി ന്യൂനപക്ഷത്തിനു നേര്‍ക്ക് വിവരണാതീതമായ ക്രൂരതകള്‍ ഐഎസ് അഴിച്ചുവിട്ടിരുന്നു.
ആയിരങ്ങളെ കൊന്നൊടുക്കിയതിനു പുറമേ വനിതകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയി മാനഭംഗത്തിനിരയാക്കുകയും അടിമകളാക്കുകയും മനുഷ്യക്കടത്തു നടത്തുകയും ചെയ്തിരുന്നു.