ശൈശവ വിവാഹം നിയമവിധേയമാക്കുമെന്ന് എതിരാളികൾ അവകാശപ്പെടുന്ന ബിൽ പാസ്സാക്കി ഇറാഖ് പാർലമെന്റ്. ഇത് മനുഷ്യാവകാശ പ്രവർത്തകർക്കിടയിൽ വ്യാപകമായ ആശങ്കയ്ക്കു കാരണമായി. പുതിയ ബില്ല് പ്രകാരം രാജ്യത്തെ വ്യക്തിനിയമത്തിലെ ഭേദഗതികൾ, വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയുൾപ്പെടെയുള്ള കുടുംബകാര്യങ്ങളിൽ ഇസ്ലാമിക കോടതികൾക്ക് അധികാരം വർധിപ്പിക്കുന്നു. ഈ നീക്കം ഇറാഖിന്റെ 1959 ലെ വ്യക്തിത്വനിയമത്തെ ദുർബലപ്പെടുത്തുന്നു.
ഇസ്ലാമിക നിയമത്തിന്റെ വ്യാഖ്യാനമനുസരിച്ച്, ഇത് ഒൻപതു വയസ്സുള്ള പെൺകുട്ടികളുടെ വിവാഹം അനുവദിക്കും. നിലവിലെ ഭേദഗതികൾ ആക്ടിവിസ്റ്റുകൾക്കിടയിൽ കടുത്ത ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ ബിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങളിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അവർ വാദിക്കുന്നു. സിവിൽ സ്റ്റാറ്റസ് നിയമഭേദഗതികൾ പാസ്സാക്കിയത് പെൺകുട്ടികളുടെ കുട്ടിക്കാലത്ത് ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുമെന്നും വിവാഹമോചനം, സംരക്ഷണം, സ്ത്രീകൾക്ക് അനന്തരാവകാശം എന്നിവയ്ക്കുള്ള സംരക്ഷണസംവിധാനങ്ങളെ തടസ്സപ്പെടുത്തുമെന്നും മനുഷ്യാവകാശ പ്രവർത്തകനായ ഇൻതിസാർ അൽ-മയാലി പ്രസ്താവിച്ചു.
ബില്ലിന്റെ വക്താക്കൾ, പ്രാഥമികമായി യാഥാസ്ഥിതിക ഷിയാ നിയമനിർമാതാക്കളാണ്. നിയമത്തെ ഇസ്ലാമിക തത്വങ്ങളുമായി യോജിപ്പിക്കുന്നതിനും ഇറാഖി സംസ്കാരത്തിൽ പാശ്ചാത്യസ്വാധീനം കുറയ്ക്കുന്നതിനുമുള്ള ഒരു മാർഗമായി മാറ്റങ്ങളെ നിയമനിർമാതാക്കൾ പ്രതിരോധിക്കുന്നു. എന്നിരുന്നാലും, ഈ ബിൽ എണ്ണമറ്റ പെൺകുട്ടികളുടെ ഭാവിയും ക്ഷേമവും കവർന്നെടുക്കുമെന്നും ഇറാഖിൽ വിഭാഗീയത കൂടുതൽ വേരൂന്നാൻ ഇത് ഇടയാക്കുമെന്നും വിമർശകർ വാദിക്കുന്നു.