Monday, November 25, 2024

വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്നവരെ കുടുംബമായി അംഗീകരിക്കേണ്ട; ഭരണഘടനാ ഭേദഗതിയ്ക്കുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ തള്ളി ഐറിഷ് ജനത

കുടുംബ നിര്‍വചനവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് അയര്‍ലന്‍ഡില്‍ നടത്തിയ ജനഹിത പരിശോധനയില്‍ സര്‍ക്കാരിന് തിരിച്ചടി. പാരമ്പര്യമായി മുറുകെ പിടിക്കുന്ന വിവാഹമാണ് ഒരു കുടുംബത്തിന്റെ അടിസ്ഥാനശിലയെന്ന വിശ്വാസത്തെ തള്ളിക്കളയാന്‍ ഐറിഷ് ജനത തയാറല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു റഫറണ്ടം. റഫറണ്ടത്തിന് അനുകൂലമായി വോട്ട് ചെയ്യരുതെന്നും യുവാക്കള്‍ക്ക് വിവാഹം കഴിക്കാനുള്ള താത്പര്യം കുറയുമെന്നും കത്തോലിക്കാ ബിഷപ്പുമാര്‍ നിരവധി അഭ്യര്‍ത്ഥനകള്‍ നടത്തിയിരുന്നു.

വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരേയും കുടുംബമെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതിയ്‌ക്കെതിരെ 67.7 ശതമാനം ഐറിഷുകാര്‍ വോട്ട് ചെയ്തു. പുതിയ മാറ്റത്തിലൂടെ കോ-ഹാബിറ്റിംഗ് പോലുള്ള രീതികള്‍ക്ക് കുടുംബം എന്ന പദവി ലഭിക്കുമായിരുന്നു.

ഭേദഗതിയിലൂടെ കുടുംബം, സ്ത്രീ എന്നിവയ്ക്ക് പുതിയ നിര്‍വചനം നല്‍കാനുള്ള ശ്രമത്തേയും ഐറിഷ് ജനത എതിര്‍ത്തു. കുടുംബം എന്ന വ്യവസ്ഥയില്‍ വിവാഹേതര ബന്ധങ്ങളും ഏക രക്ഷാകര്‍തൃത്വവും ഉള്‍പ്പെടുത്താനുള്ള ശ്രമവും വലിയ ഭൂരിപക്ഷത്തില്‍ ജനം തള്ളിക്കളഞ്ഞു.

ഐറിഷ് ജനതയെ സംബന്ധിച്ച് ഒരു ദേശീയ റഫറണ്ടത്തില്‍ കൂടി മാത്രമേ ഭരണഘടന ഭേദഗതികള്‍ വരുത്താന്‍ കഴിയൂ. റഫറണ്ടം പരാജയപ്പെട്ടതോടെ ഇനി ഈ ഭേദഗതികള്‍ നടപ്പിലാക്കുവാന്‍ സാധിക്കുകയില്ല.

Latest News