ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (ബിബിസി) അക്കൗണ്ട് ബുക്കുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി ആദായനികുതി വകുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തിയ ബിബിസി ഡോക്യുമെന്ററിയുടെ പ്രതികാരമെന്ന നിലയിലാണ് പരിശോധന എന്നായിരുന്നു പരക്കെയുളള വിമര്‍ശനം. മൂന്ന് ദിവസമാണ് പരിശോധന നീണ്ടുനിന്നത്.
ബിബിസിയുടെ ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവര്‍ത്തനവും തമ്മില്‍ യോജിക്കുന്നില്ലെന്നും വരുമാനം വകമാറ്റിയതായി കണ്ടെത്തിയെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. സര്‍വേയില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയെന്നാണ് ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നത്. നിരവധി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ജീവനക്കാരുടെ മൊഴികള്‍, ഡിജിറ്റല്‍ ഫയലുകള്‍, എന്നിവ പരിശോധിക്കുന്ന പ്രക്രിയ നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചില പണമിടപാടുകള്‍ക്ക് നികുതി അടച്ചിട്ടില്ലെന്നും നികുതി വകുപ്പ് അവകാശപ്പെട്ടു. ബിബിസി ഉദ്യോഗസ്ഥര്‍ അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും വകുപ്പ് കുറ്റപ്പെടുത്തി. മാധ്യമ പ്രവര്‍ത്തനം മുടക്കം കൂടാതെ സുഗമമാക്കുന്ന തരത്തിലാണ് സര്‍വേ നടത്തിയതെന്നും നികുതി വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ആദായ വകുപ്പിന്റെ ആരോപണങ്ങളോട് ബിബിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്നലെ വൈകുന്നേരമാണ് ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ 60 മണിക്കൂര്‍ നീണ്ട സര്‍വേ അവസാനിച്ചത്. അധികാരികളുമായി സഹകരിക്കുന്നത് തുടരുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്.