Wednesday, January 29, 2025

മനുഷ്യജീവനെക്കാള്‍ വലുതാണോ ഓണ്‍ലൈനും ആധാറും

ടോണി ചിറ്റിലപ്പിള്ളി

രണ്ടുവര്‍ഷത്തിലധികം ഓഫീസില്‍ കയറിയിറങ്ങിയിട്ടും 80,000 രൂപയുടെ വിരമിക്കല്‍ ആനുകൂല്യം ലഭിക്കാത്തതില്‍ മനംനൊന്ത് കലൂരിലെ പി.എഫ്. മേഖലാ ഓഫീസിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ച ചാലക്കുടി പേരാമ്പ്ര പണിക്കവളപ്പില്‍ വീട്ടില്‍ പി.കെ. ശിവരാമന്‍ അന്തരിച്ചു; അര്‍ബുദബാധിതന്‍ കൂടിയായിരുന്നു അദ്ദേഹം. ഈ വാര്‍ത്ത നമ്മെയെല്ലാം വളരെ ദുഃഖിപ്പിക്കുന്നു. നമുക്കു സഹായിക്കാന്‍ കഴിയുമായിരുന്ന ഒരു ജീവിതംകൂടി പൊലിഞ്ഞു.

പേരാമ്പ്ര അപ്പോളോ ടയേഴ്‌സിലെ കരാര്‍ തൊഴിലാളിയായിരുന്നു. അഞ്ചുവര്‍ഷം മുമ്പ് ജോലിയില്‍നിന്നു വിരമിച്ചു. തുടര്‍ന്ന് പി.എഫിനുള്ള നടപടികള്‍ തുടങ്ങി. അര്‍ബുദം പിടിപെട്ട് മൂന്നുവര്‍ഷത്തോളം ചികിത്സയിലായിരുന്നു. രോഗം അല്പം ശമിച്ചപ്പോഴാണ് പി.എഫ്. തുക ലഭിക്കാനായി ശ്രമം തുടങ്ങിയത്. അപേക്ഷ നല്‍കിയെങ്കിലും പേരിലെ ഇനീഷ്യലിലെ വ്യത്യാസവും പി.എഫ്. രേഖയിലെയും ആധാര്‍ കാര്‍ഡിലെയും വ്യത്യസ്ത ജനനത്തീയതി തിരുത്താനും പി.എഫ്. അധികൃതര്‍ ആവശ്യപ്പെട്ടതായി ശിവരാമന്റെ മക്കള്‍ പറഞ്ഞു. തുടര്‍ന്ന് നോട്ടറിയില്‍നിന്നുള്ള സത്യവാങ്മൂലവും ജോലിചെയ്ത സ്ഥാപനത്തില്‍നിന്നുള്ള സത്യവാങ്മൂലവും സമര്‍പ്പിച്ചു. പി.എഫ്. രേഖകളില്‍ നല്‍കിയ ജനനത്തീയതിയും മാറ്റിസമര്‍പ്പിച്ചതും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നതിനാല്‍ ഇവ തള്ളുകയായിരുന്നു.

മനുഷ്യന്‍ ഉണ്ടാക്കിയ ഓണ്‍ലൈനും ആധാറും മനുഷ്യനെക്കാള്‍ വലുതാണോ. ആധാര്‍ നടപടികള്‍ മനുഷ്യര്‍ക്ക് കൂടുതല്‍ മികച്ച സേവനത്തിന് സര്‍ക്കാര്‍ നല്‍കിയ വലിയ സഹായമാണ്. കമ്പ്യൂട്ടര്‍ വരുത്തുന്ന തെറ്റുകള്‍ തിരുത്താന്‍ മനുഷ്യനു കഴിയണം. ഒരു കമ്പ്യൂട്ടറിന്റെ ഭാഗങ്ങള്‍ തകരാറിലായേക്കാം, ചില കാരണങ്ങളാല്‍ മെമ്മറി കേടായേക്കാം. കമ്പ്യൂട്ടറുകളുടെ ആദ്യകാലങ്ങളില്‍ ഇത് പലപ്പോഴും സംഭവിച്ചു. പിശകുകള്‍ പരിശോധിക്കുന്നതിനും തിരുത്തുന്നതിനുംവേണ്ടിയാണ് ജീവനക്കാരെ സര്‍ക്കാര്‍ നിയമിക്കുന്നത്.

‘ഓണ്‍ലൈന്‍ സംവിധാനമായതിനാല്‍ എല്ലാ രേഖകളും ആവശ്യമാണ്. ആധാറിലെ ചെറിയ പിശകുപോലും നടപടികള്‍ക്കു തടസ്സമാകും. ഇതുമൂലമാണ് തുക കൈമാറുന്നതില്‍ കാലതാമസമുണ്ടായത്’ – കൊച്ചിയിലെ ഇ.പി.എഫ് അധികൃതര്‍ പൊലീസിനു നല്‍കിയ വിശദീകരണം. ഇതൊക്കെ ചെറിയ കാലതാമസമാണോ.

ആധാറിലെ ചെറിയ പിശകു തിരുത്താന്‍ രാജ്യത്ത് സംവിധാനങ്ങള്‍ ഇല്ലേ. സര്‍ക്കാര്‍ ജീവനക്കാരുടെ അനാസ്ഥയ്ക്ക് പകരംകൊടുക്കേണ്ടിവരുന്നത് പാവപ്പെട്ട മനുഷ്യരുടെ ജീവനുകളാണ്. ആരു ഭരിച്ചാലും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന തോന്നലാണ് ജീവനക്കാര്‍ക്ക്. ഈ സമീപനം മാറിയേ തീരൂ. സര്‍ക്കാരുദ്യോഗസ്ഥര്‍ അനാസ്ഥ കാണിക്കുന്നത് അവര്‍ക്ക് യൂണിയനുകളുടെയും രാഷ്ട്രീയക്കാരുടെയും സംരക്ഷണമുള്ളതുകൊണ്ടാണ്. സര്‍ക്കാരുകള്‍ മാറിമാറി വന്നാലും ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണ്. രാഷ്ട്രീയക്കാര്‍ ഈ സംരക്ഷണമനോഭാവം മാറ്റണം.

ശമ്പളം വാങ്ങാനല്ല ഗവണ്മെന്റ് ജോലി എന്ന് ആദ്യം ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണം. അത് സേവനമാണ്. പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യാനാണ് ജീവനക്കാരെ വച്ചിരിക്കുന്നത്. സാധാരണക്കാരോട് ചില ജീവനക്കാരുടെ സമീപനം വളരെ മോശമാണ്. സ്വന്തം വീട്ടിലെ വാശിയോ, വൈരാഗ്യമോ തീര്‍ക്കാനുള്ളതല്ല പൊതുജനങ്ങള്‍. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഉണര്‍ന്നതായി നടിക്കുകയും പിന്നീട് ഉറങ്ങുകയും ചെയ്യുന്ന സര്‍ക്കാര്‍വകുപ്പുകളുടെയും ജീവനക്കാരുടെയും അനാസ്ഥയാണ് ശിവരാമന്‍ എന്ന മുതിര്‍ന്ന പൗരന്‍ ജീവനൊടുക്കാന്‍ കാരണമെന്നത് പൊതുസമൂഹവും സര്‍ക്കാരും മനസ്സിലാക്കണം. ആശ്രിതര്‍ക്കുവേണ്ടി പരിഹാരനടപടികള്‍ ഉടന്‍ ഉണ്ടാകണം.

ടോണി ചിറ്റിലപ്പിള്ളി

സെക്രട്ടറി, സീറോമലബാര്‍ സഭാ അത്മായ ഫോറം

 

Latest News