Tuesday, November 26, 2024

കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമിക്കാന്‍ ഐഎസ് പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി യുഎന്‍ ജനറല്‍ സെക്രട്ടറി

ഇന്ത്യ, ഇറാന്‍, ചൈന എന്നീ രാജ്യങ്ങളുടെ അഫ്ഗാനിസ്ഥാനിലെ എംബസികള്‍ ആക്രമിക്കാന്‍ ഐഎസ് പദ്ധതിയിട്ടതായി യുഎന്‍ റിപ്പോര്‍ട്ട്. ഐഎസിന്റെ ദക്ഷിണേന്ത്യന്‍ ശാഖയായ ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്റ് ലെവന്റ്-ഖൊറാസാന്‍ (ഐഎസ്‌ഐഎല്‍-കെ) ആണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.

മദ്ധ്യ-ദക്ഷിണേഷ്യ നേരിടുന്ന ഭീഷണിയെപ്പറ്റിയുള്ള റിപ്പോര്‍ട്ട് യുഎന്‍ ഭീകരവാദ ഓഫീസിന്റെ അണ്ടര്‍ സെക്രട്ടറി ജനറല്‍ വ്ളോഡിമിര്‍ വൊറൊന്‍കോവ് ആണ് അവതരിപ്പിച്ചത്. ‘അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന ഭീഷണി ‘ എന്ന വിഷയത്തിലാണ് യോഗം നടന്നത്.

താലിബാനും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ക്കാനും ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ താലിബാന്‍ ഭരണകൂടത്തിന് കഴിയുന്നില്ലെന്ന് വരുത്തി തീര്‍ക്കാനും വേണ്ടിയാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. കഴിഞ്ഞ സെപ്റ്റംബറില്‍ കാബൂളിലെ റഷ്യന്‍ എംബസിയ്ക്ക് നേരെ നടന്ന ആക്രമണവും ഇതിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

താലിബാന്‍ ഭരണമേറ്റെടുത്തതിന് ശേഷം പൂട്ടിയ കാബൂളിലെ ഇന്ത്യന്‍ എംബസി പത്ത് മാസത്തിന് ശേഷം സാങ്കേതിക വിഭാഗം ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം തുടങ്ങിയത്. താലിബാന്‍ അധികാരം പിടിച്ചെടുത്തതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ നിന്നും നയതന്ത്ര ഉദ്യോഗസ്ഥരെയും അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ സമൂഹത്തെയും കേന്ദ്ര സര്‍ക്കാര്‍ തിരികെ എത്തിച്ചിരുന്നു. പിന്നീട് അഫ്ഗാന്‍ തലസ്ഥാനത്തെ എംബസിയില്‍ സാങ്കേതിക ടീമിനെ പുനര്‍ വിന്യസിച്ചുകൊണ്ട് ഇന്ത്യ കാബൂളില്‍ നയതന്ത്ര സാന്നിധ്യം പുനരാരംഭിച്ചു.

 

Latest News