Monday, November 25, 2024

ഇന്ത്യയിലെ ഉന്നതനേതാവിനെ ചാവേറാക്രമണത്തില്‍ വധിക്കാന്‍ പദ്ധതി; ഐ.എസ് ഭീകരനെ അറസ്റ്റ് ചെയ്‌തെന്ന് റഷ്യ

ഇന്ത്യയില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഐഎസ് ചാവേറിനെ റഷ്യയില്‍ പിടികൂടി. ഇന്ത്യയിലെ ഉന്നത നേതാക്കളിലൊരാളെ വധിക്കാന്‍ പദ്ധതിയിട്ട കൊടും ഭീകരനെ റഷ്യന്‍ ഫെഡറല്‍ സര്‍വീസ് ആണ് പിടികൂടിയത്.

ഇന്ത്യയിലെ പ്രധാന ഭരണകക്ഷി നേതാവിനെ സ്വയം പൊട്ടിത്തെറിച്ച് കൊലപ്പെടുത്താന്‍ ഭീകരന്‍ പദ്ധതിയിട്ടിരുന്നതായാണ് വിവരം. കഴിഞ്ഞ ഏപ്രിലില്‍ തുര്‍ക്കിയില്‍ നിന്നാണ് ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പിടിയിലായ ചാവേറിനെ ചുമതലപ്പെടുത്തിയത്. ഐഎസിലെ പ്രധാന നേതാക്കളിലൊരാളാണ് ഇന്ത്യയില്‍ വന്‍ ആക്രമണത്തിന് പദ്ധതികള്‍ ആസൂത്രണം ചെയ്തത്.

ഐ.എസിനേയും സംഘടനയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളേയും 1967 ലെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍ ) ആക്ട് ) ഭീകരസംഘടനയായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംഘടനയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വിവിധ സാമൂഹികമാധ്യമങ്ങള്‍ ഐ.എസ്. ഉപയോഗിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സംഘടനയുടെ ഇത്തരത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്.

 

 

Latest News