ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തിട്ടും കലിയടങ്ങാതെ പ്രക്ഷോഭകാരികള്‍. കൊലവിളിയോടെ അക്രമികള്‍ രാജ്യത്ത് അക്രമാസക്തരായി വിളയാടുകയാണ്. പൊതുമുതല്‍ നശിപ്പിക്കുന്നത് തുടരുന്ന അക്രമി സംഘം, ഷെയ്ഖ് ഹസീനയുടെ കൊട്ടാരവും കയ്യേറിയിരുന്നു.
ഹിന്ദു ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വരുന്നത്. അക്രമങ്ങള്‍ക്ക് ഇടയില്‍ ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുക്കള്‍ കശാപ്പ് ചെയ്യപ്പെടുകയാണ് എന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി വ്യക്തമാക്കി. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷം കൊല്ലപ്പെടുന്നു. രംഗ്പൂരിലെ കൗണ്‍സിലര്‍ കൊല്ലപ്പെട്ടു. സിറാജ്ഗഞ്ചില്‍ 13 പോലീസുകാര്‍ കൊല്ലപ്പെട്ടു. അവരില്‍ 9 പേരും ഹിന്ദുക്കളാണ്. ഒരു കോടി ബംഗ്ലാദേശി ഹിന്ദുക്കള്‍ ബംഗാളിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിലെ ഖുല്‍ന ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന മെഹര്‍പൂരിലെ ഒരു ഇസ്‌കോണ്‍ ക്ഷേത്രം അക്രമികള്‍ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബംഗ്ലാദേശിലുടനീളമുള്ള ഒന്നിലധികം ഹിന്ദു ക്ഷേത്രങ്ങളെ ലക്ഷ്യം വച്ചുള്ള വിശാലമായ അക്രമത്തിന്റെ ഭാഗമായാണ് ഇസ്‌കോണ്‍ ക്ഷേത്രത്തിന് നേരെയുണ്ടായ ഈ ആക്രമണം. ഇസ്‌കോണ്‍ വക്താവ് യുധിഷ്ടിര്‍ ഗോവിന്ദ ദാസ് സംഭവം സ്ഥിരീകരിച്ചു. ‘എനിക്ക് ലഭിച്ച വിവരമനുസരിച്ച്, മെഹര്‍പൂരിലെ ഞങ്ങളുടെ ഇസ്‌കോണ്‍ കേന്ദ്രങ്ങളിലൊന്ന്, ജഗന്നാഥന്‍, ബലദേവ്, സുഭദ്രാദേവി എന്നിവരുടെ പ്രതിഷ്ഠകള്‍ ഉള്‍പ്പെടെ കത്തിച്ചു’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹസീനയെ പുറത്താക്കിയതിന്റെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളുടെ സ്ഥിതി കൂടുതല്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഹിന്ദു ക്ഷേത്രങ്ങളാണ് കൂടുതല്‍ ആക്രമണങ്ങള്‍ നേരിടുന്നത്. ചിറ്റഗോങ്ങിലെ പോലീസിന്റെയും റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്റെയും സഹായത്തിനുള്ള അഭ്യര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിച്ചില്ലെന്നും സുരക്ഷാ സേന സിവിലിയന്‍ വേഷത്തില്‍ പ്രദേശത്തുനിന്ന് പലായനം ചെയ്തതായും ആരോപണമുണ്ട്. ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷങ്ങളും സുരക്ഷിതരല്ലെന്നും പലരും പശ്ചിമ ബംഗാളും ത്രിപുരയും വഴി ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നുവെന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
ബംഗാളിലെ ക്ഷേത്രങ്ങളും ആക്രമണത്തിനിരയാവുന്നു
തിങ്കളാഴ്ച മാത്രം കുറഞ്ഞത് നാല് ഹിന്ദു ക്ഷേത്രങ്ങളെങ്കിലും ലക്ഷ്യമിട്ട് ആക്രമണമുണ്ടായതായി ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ നേതാവ് കാജോള്‍ ദേബ്‌നാഥ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ക്ഷേത്ര ആക്രമണത്തിന് പുറമേ, ധാക്കയിലെ ഒരു ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രവും അനിയന്ത്രിതമായ ജനക്കൂട്ടം നശിപ്പിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സാംസ്‌കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്ന ഇന്ദിരാഗാന്ധി കള്‍ച്ചറല്‍ സെന്ററും അക്രമത്തില്‍ തകര്‍ന്നതായി ന്യൂസ് 18 നും റിപ്പോര്‍ട്ട് ചെയ്തു.
ബംഗ്ലാദേശിലെ ജനസംഖ്യയുടെ 8 ശതമാനത്തോളം വരുന്ന ഹിന്ദുക്കള്‍, ഏകദേശം 13.1 ദശലക്ഷം ആളുകളാണ് ഇപ്പോള്‍ ആക്രമണത്തിന് ഇരകളാകുന്നത്. ഹസീനയുടെ കാലത്ത് പോലും, ആരാധനാലയങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളും നിര്‍ബന്ധിത ഒഴിപ്പിക്കലുകളും ന്യൂനപക്ഷങ്ങള്‍ക്ക് പതിവായിരുന്നു. പക്ഷേ, തീവ്രവാദികളായ ജമാത്തെ അതിന്റെ ആക്രമണം കെട്ടഴിച്ചുവിടാതിരിക്കാന്‍ ഷേക്ക് ഹസീനയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോള്‍ അവരുടെ പിന്‍വാങ്ങലോടെ ഇതേ ന്യൂനപക്ഷത്തിന്റെ അവസ്ഥയും പരിതാപകരമായിരിക്കുന്നു.
കടപ്പാട്: ഇന്ത്യ ടുഡെ & ന്യൂസ് 18